ഭാരത് ബയോടെകിൻറെ കൊവാക്സിന് രാജ്യത്ത് അനുമതി നൽകിയേക്കും
ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിനായ കൊവാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയേക്കും. അനുമതിക്കായി വിദഗ്ധ സമിതി സർക്കാറിനോട് ശിപാർശ ചെയ്തു. നേരത്തെ, ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിച്ച വാക്സിനായ കൊവിഷീൽഡിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.
അടിയന്തര സാഹചര്യത്തിലെ ഉപയോഗത്തിന് കൊവാക്സിന് അനുമതി നൽകണമെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻറെ (സി.ഡി.എസ്.സി.ഒ) വിദഗ്ധ സമിതി ശനിയാഴ്ച ശിപാർശ ചെയ്യുകയായിരുന്നു.
ഐ.സി.എം.ആറിൻറെ സഹകരണത്തോടെ ഭാരത് ബയോടെക്ക് തദ്ദേശീയമായി നിർമിച്ച വാക്സിനാണ് കൊവാക്സിൻ. അന്തിമ അനുമതി സംബന്ധിച്ചുള്ള തീരുമാനം ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയാണ് കൈക്കൊള്ളുക.
കൊവാക്സിൻറെ ഒന്നും രണ്ടും ഘട്ട പരീക്ഷണമാണ് പൂർത്തിയായത്. മൂന്നാംഘട്ട പരീക്ഷണം നവംബറിൽ ആരംഭിച്ചത് തുടരുകയാണ്. 10 മില്യൺ ഡോസ് കൊവാക്സിൻ രാജ്യത്ത് തയാറായിട്ടുണ്ട്.