സ്കൂളുകളിൽ സ്മാർട്ട്‌ഫോണുകൾ നിരോധിക്കണം ;യുനെസ്കോ
ജനീവ: സ്കൂളുകളിൽ സ്മാർട്ട്‌ഫോണുകൾ നിരോധിക്കണമെന്ന് യു.എന്നിന്റെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക ഏജൻസിയായ യുനെസ്കോ. പഠനത്തിൽ മുന്നേറാൻ കുട്ടികൾക്ക് അവസരമൊരുക്കുകയും സൈബർലോകത്തെ ചതിക്കുഴികളിൽനിന്ന് അവരെ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. അമിത മൊബൈൽഫോൺ ഉപയോഗം കുട്ടികളെ പഠനത്തിൽനിന്ന് വലിയതോതിൽ പിറകോട്ടടിപ്പിച്ചെന്നും അവരുടെ മാനസികനിലയെപ്പോലും ബാധിച്ചുവെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണിത്.
നെതർലൻഡ്‌സ്,ഫിൻലൻഡ് തുടങ്ങി നാലുരാജ്യങ്ങൾ സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്.
നിർമിതബുദ്ധിയുടെ അതിപ്രസരം, മനുഷ്യകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ ഇല്ലായ്മചെയ്യരുതെന്നും കുട്ടികളുടെ വളർച്ചയിൽ അധ്യാപകരുടെ നേരിട്ടുള്ള ഇടപെടൽ അനിവാര്യമാണെന്നും സംഘടന വ്യക്തമാക്കി. സർവകലാശാലകളിലുൾപ്പെടെ പഠനം പൂർണമായും ഓൺലൈനാകുന്നത് സാമൂഹിക അവബോധം കുറയ്ക്കുമെന്നും ക്ലാസ്‌റൂം വിദ്യാഭ്യാസത്തിന്റെ അന്തസ്സത്ത ഇല്ലാതാക്കുമെന്നും യുനെസ്കോ പറഞ്ഞു. കോവിഡ് കാലം കുട്ടികളെ സ്മാർട്ട്‌ഫോണിനോട് കൂടുതൽ അടുപ്പിച്ചെങ്കിലും അതിൽനിന്ന് പുറത്തുവരേണ്ടതുണ്ടെന്നും സംഘടന പറയുന്നു.