നൈജറില്‍ പട്ടാള അട്ടിമറി; ഭരണം പിടിച്ചെടുത്തതായി സൈനികമേധാവി
നിയാമി:പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ പട്ടാള അട്ടിമറിയിലൂടെ ജനാധിപത്യ സർക്കാരിനെ പുറത്താക്കിയാതായി സൈന്യം. പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ പുറത്താക്കി രാജ്യം പിടിച്ചെടുത്തതായി പട്ടാളമേധാവി കേണൽ- മേജർ അമദു അബ്‌ദ്രാമനെ ദേശീയ ടെലിവിഷനിലൂടെ അവകാശപ്പെട്ടു. ബുധനാഴ്ച രാത്രി വൈകിയായിരുന്നു പ്രഖ്യാപനം. പ്രസിഡൻഷ്യൽ ഗാർഡുമാർ രാഷ്ട്രീയ നേതാക്കളെ ഔദ്യോഗിക വസതികളിൽ തടഞ്ഞുവച്ചിരിക്കുന്നുവെന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് അട്ടിമറി വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രതിരോധ- സുരക്ഷാ സേനകൾ നിലവിലെ ഭരണം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്ന് ദേശീയ ടെലിവിഷൻ ചാനലിലൂടെ സൈനിക മേധാവി അബ്‌ദ്രാമനെ പറഞ്ഞു. ദേശീയ കൗൺസിൽ ഫോർ സേഫ്ഗാർഡിംഗ് ഓഫ് കൺട്രി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം വിദേശ ഇടപെടലുകൾക്കെതിരെ മുന്നറിയിപ്പ് നൽകി. രാജ്യസുരക്ഷയിലുണ്ടായ വീഴ്ചകൾ, സാമൂഹിക-സാമ്പത്തിക മേഖലകളിലെ തകർച്ച എന്നിവയെ തുടർന്നാണ് നടപടിയെന്നും വിശദീകരിക്കുന്നു. എലൈറ്റ് ഗാർഡ് യൂണിറ്റിലെ അംഗങ്ങൾ “റിപ്പബ്ലിക്കൻ വിരുദ്ധ പ്രകടനത്തിൽ” ഏർപ്പെട്ടിരിക്കുകയാണെന്ന് നിഷേർ പ്രസിഡന്റ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പട്ടാള അട്ടിമറി പ്രഖ്യാപനം ഉണ്ടാകുന്നത്. ബസൂമിനെ കൊട്ടാരത്തിൽ കലാപകാരികൾ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ അബ്‌ദ്രാമനെ അട്ടിമറി പ്രഖ്യാപിക്കുന്ന സമയത്ത് പ്രസിഡന്റ് എവിടെയായിരുന്നെന്നോ അദ്ദേഹം രാജിവച്ചോ എന്ന കാര്യങ്ങൾ ഇപ്പോഴും വ്യക്തമല്ല.