വസ്തു കൈവശാവകാശം മറ്റൊരാൾക്ക് കൈമാറുന്നതിന് മുന്നാധാരം നിർബന്ധമല്ല: ഹൈക്കോടതി

0

എറണാകുളം: വസ്തു കൈവശാവകാശം മറ്റൊരാൾക്ക് കൈമാറി റജിസ്‌ട്രേഷൻ നടത്തുന്നതിന് ഇനി മുന്നാധാരം നിർബന്ധമല്ലന്ന് ഹൈക്കോടതി.

മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്തെ തുടർന്ന് റജിസ്‌ട്രേഷൻ നടത്തുന്നതിന് സബ് രജിസ്ട്രാർ അനുവദിച്ചില്ലെന്ന് കാട്ടി പാലക്കാട് ആലത്തൂർ സ്വദേശികളായ ബാലചന്ദ്രൻ, പ്രേമകുമാരൻ എന്നിവർ നൽകിയ ഹർജിയിന്മേലാണ് ഉത്തരവ്. ജസ്റ്റിസ് പി ഗോപിനാഥിന്റേതാണ് ഉത്തരവ്.

വ്യക്തി അയാളുടെ കൈവശ അവകാശം മാത്രമാണ് കൈമാറുന്നത് എന്ന വിലയിരുത്തലിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയിരിക്കുന്നത്. എന്നാൽ ഹർജിക്കാർ പരാതിയിൽ പറയുന്ന വസ്തു വെറും പാട്ടമാണെന്ന് അവകാശപ്പെട്ടതിനാലാണ് മുന്നാധാരം ഹാജരാക്കുന്നതിന് ആവശ്യപ്പെട്ടതെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.

എന്നാൽ കൈവശ അവകാശം കൈമാറാൻ സാധിക്കുമെന്നും സർക്കാർ ഭൂമി അല്ലാത്തതിനാൽ തന്നെ റജിസ്‌ട്രേഷൻ നിഷേധിക്കാൻ കഴിയില്ലെന്നുമുള്ള ഹർജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ഭൂമിയുടെ അവകാശം കൈമാറുന്നതിന് നിയമപരമായി വിലക്കില്ലെന്നും കൈവശ അടിസ്ഥാനം പാട്ടാവകാശമാണോ ഉടമസ്ഥാവകാശമാണോ എന്ന് സബ് രജിസ്ട്രാർ നോക്കേണ്ടതില്ലെന്നും മറ്റൊരു കേസിൽ മുമ്പ് കോടതി വിധിച്ചിട്ടുള്ളതായി സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.

You might also like