പാപ്പയും എത്തി; ലോകത്തിന്റെ കണ്ണ് ഇനി പോര്‍ച്ചുഗലിലേക്ക്
ലിസ്ബണ്‍: ആഗോള കത്തോലിക്ക യുവജന ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്നു ലിസ്ബണിലെത്തിയ ഫ്രാന്‍സിസ് പാപ്പക്കു ആവേശകരമായ സ്വീകരണം. വിമാനത്താവളത്തിലും പ്രസിഡൻഷ്യൽ ബെലെം പാലസിലേക്കുള്ള വീഥിയിലും സാംസ്ക്കാരിക കേന്ദ്രത്തിലും പാപ്പക്ക് വലിയ സ്വീകരണമാണ് അധികൃതര്‍ ഒരുക്കിയത്. പ്രസിഡൻഷ്യൽ ബെലെം പാലസിൽ പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി, സർക്കാർ, നയതന്ത്ര പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തില്‍ സൈന്യം പാപ്പക്കു സ്വീകരണം ഒരുക്കി. തനിക്ക് പോർച്ചുഗൽ പ്രസിഡന്റ് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ തന്റെ ആദ്യ പ്രഭാഷണം ആരംഭിച്ചത്. വിവിധ ജനതകളുടെയും സംസ്കാരങ്ങളുടെയും സംഗമവേദിയായി മാറിയ ലിസ്ബണിൽ ആയിരിക്കുന്നതിൽ പാപ്പ തന്റെ സന്തോഷം പ്രകടിപ്പിച്ചു.
ഇപ്പോൾ പോർച്ചുഗൽ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, ഒരേ ഭാഷ പങ്കിടുന്ന മറ്റു ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുമായി കൂടുതൽ തുറന്ന കൂടിക്കാഴ്ചകൾ നടത്തുന്നതിന് രാജ്യം ഏവരെയും ക്ഷണിക്കുന്നുണ്ട്. ലോക യുവജനദിനം യൂറോപ്പിന് സാർവത്രികമായ തുറന്ന മനസ്സുണ്ടാകുവാനുള്ള ഒരു പ്രേരണയായേക്കാമെന്ന് താൻ ആശംസിക്കുന്നു. ലോകത്തിന് ഇന്ന് പഴയ യൂറോപ്പിനെ ആവശ്യമുണ്ട്. അതിന്റെ കിഴക്ക്, പ്രത്യേകിച്ച്, മെഡിറ്ററേനിയൻ, ആഫ്രിക്കൻ രാജ്യങ്ങൾ, മധ്യപൂർവ്വദേശങ്ങൾ എന്നിവിടങ്ങളിൽ, സമാധാന നിർമ്മാതാവ് എന്ന നിലയിൽ യൂറോപ്പിനു പ്രത്യേക പ്രാധാന്യമുണ്ട്. ലോക സംഘർഷങ്ങളുടെ മുന്നിൽ അനുരഞ്ജനത്തിന്റെ നാളമുയർത്തി, നല്ലൊരു നാളെയെ സൃഷ്ടിക്കുവാനും, സമാധാനത്തിന്റെ നയതന്ത്രം വികസിപ്പിക്കാനും യൂറോപ്പിന് സാധിക്കുമെന്നും പാപ്പ പറഞ്ഞു.
സമാധാനമാർഗ്ഗങ്ങൾ ഇല്ലാത്ത കൊടുങ്കാറ്റുകളുടെ ഇടയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. സമാധാനത്തിന്റെ പാതയിലല്ലെങ്കിൽ എങ്ങോട്ടാണ് നാം യാത്ര ചെയ്യുന്നതെന്ന് നമുക്ക് യൂറോപ്പിനോട് സ്നേഹത്തോടെ ചോദിക്കാം. യുക്രൈൻ യുദ്ധവും നിരവധി സംഘർഷങ്ങളും അവസാനിപ്പിക്കാനുള്ള വഴികൾ ഒരുക്കുന്നില്ലെങ്കിൽ പാശ്ചാത്യനാടേ നീ എങ്ങോട്ടാണ് യാത്ര ചെയ്യുന്നത്? ലോകത്തെ ആഗോളവത്കരിച്ച സാങ്കേതികവിദ്യകളോ, സങ്കീർണ്ണമായ ആയുധങ്ങളോ അല്ല, ഭാവിയിലേക്കുള്ള മുതൽക്കൂട്ടാകുവാനായി യുദ്ധങ്ങൾ അവസാനിപ്പിക്കാനും, പ്രതീക്ഷയുടെ തിരിനാളം തെളിക്കാനും തന്റെ കഴിവുപയോഗിക്കുന്ന ഒരു യൂറോപ്പിനെയാണ് താൻ സ്വപ്നം കാണുന്നതെന്ന് പാപ്പ സന്ദേശത്തില്‍ തുറന്നുപറഞ്ഞു.
ആഗോള കത്തോലിക്കാസഭാ തലത്തിൽ സാധാരണഗതിയിൽ രണ്ടുവർഷം കൂടുമ്പോഴോ, അല്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങൾ മൂലം അതിൽ കൂടുതൽ ഇടവേള നല്കിയോ, ആചരിക്കുന്ന ലോക യുവജനസംഗമത്തിന് വലിയ പ്രാധാന്യമാണുള്ളത്. 2019- ജനുവരിയിൽ പനാമയിലാണ് അവസാനമായി ലോക യുവജന സംഗമം നടന്നത്. അതേസമയം ഞായറാഴ്ച വരെ പാപ്പ പോർച്ചുഗലിൽ തുടരും. പാപ്പ ഫാത്തിമയിലും സന്ദര്‍ശനം നടത്തുന്നുണ്ട്. യുവജന സംഗമത്തില്‍ ലിസ്ബണിലെ തേജോ പാർക്കിൽ കുർബാന അർപ്പിച്ച ശേഷമാണ് അദ്ദേഹം റോമിലേക്ക് മടങ്ങുക.