ആഗോള കത്തോലിക്ക യുവജന സംഗമത്തിനു തുടക്കം
ലിസ്ബണ്‍: പോർച്ചുഗലിലെ ലിസ്ബണിൽ ലക്ഷക്കണക്കിന് യുവജനങ്ങളുടെ സാന്നിധ്യത്തില്‍ ആഗോള കത്തോലിക്ക യുവജന സംഗമത്തിനു ആവേശകരമായ തുടക്കം. എഡ്വേർഡോ ഏഴാമൻ പാർക്കിൽ ഇന്നലെ ചൊവ്വാഴ്ച വൈകുന്നേരം നടന്ന പ്രാർത്ഥനയോടെ ലിസ്ബണിലെ പാത്രിയർക്കീസ് കർദ്ദിനാൾ മാനുവൽ ക്ലെമെന്റെ മുഖ്യകാര്‍മ്മികത്വം വഹിച്ചു. “മറിയം എഴുന്നേറ്റ് തിടുക്കത്തിൽ പുറപ്പെട്ടു” (ലൂക്കാ 1,39) എന്ന യുവജന സംഗമത്തിന്റെ പ്രമേയം സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയ പാത്രിയാർക്കീസ് ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യാൻ നമുക്ക് കന്യകാമറിയത്തില്‍ പഠിക്കാമെന്നും ലോക യുവജന സംഗമം അതിനുള്ള അവസരമാണെന്നും പറഞ്ഞു.
143 രാജ്യങ്ങളിൽ നിന്നായി 354,000 യുവജനങ്ങള്‍ ഇതിനോടകം തന്നെ പോര്‍ച്ചുഗലിലെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കോവിഡ് പകർച്ചവ്യാധിക്ക് ശേഷം നടക്കുന്ന ആദ്യ ലോക യുവജനദിന സംഗമമാണിത്. അതേസമയം ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ ഫ്രാൻസിസ് മാർപാപ്പ പോര്‍ച്ചുഗലിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. പോർച്ചുഗീസ് പ്രസിഡന്റിന്റെ ബെലേമിലെ നാഷണൽ പാലസിൽ ഔദ്യോഗിക സ്വീകരണത്തിനും വരവേല്‍പ്പിനും ശേഷം, ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ, സമർപ്പിതര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ ഉൾപ്പെടുന്ന സംഘവുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും.