ഓണക്കാലത്ത് കേരളത്തിലേയ്ക്ക് പ്രത്യേക വിമാന സര്‍വീസ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര വ്യോമായന മന്ത്രി

0

തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിലേയ്ക്ക് പ്രത്യേക വിമാന സര്‍വീസ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര വ്യോമായന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഉത്സവകാലത്തെ ടിക്കറ്റ് കൊള്ളയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓണക്കാലത്ത് സംസ്ഥാനത്തിലേയ്‌ക്കെത്താന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് അടക്കം പ്രതീക്ഷാജനകമായ പ്രതികരണമായിരുന്നു കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്. വിമാനടിക്കറ്റുകള്‍ക്ക് വിവിധ എയര്‍ലൈന്‍സ് കൊള്ളവിലയേര്‍പ്പെടുത്തിയത് പ്രവാസികള്‍ക്കും അതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കിടയിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പലരും ടിക്കറ്റ് വില മൂലം കേരളത്തിലേയ്ക്കുള്ള യാത്ര ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടാഴ്ച മുന്‍പാണ് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ യുഎഇയില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്താനുള്ള സാഹചര്യവും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

You might also like