വോക്കിംഗിന് സമീപം പാക്കിസ്ഥാന്‍ കുടുംബത്തിലെ പത്തുവയസുകാരി ദാരുണമായി കൊല്ലപ്പെട്ടു

0

വോക്കിംഗിന് സമീപത്തെ ആള്‍ത്തിരക്കൊഴിഞ്ഞ ഗ്രാമമായ ഹോഴ്സെല്ലിലെ ഒരു വീട്ടില്‍ ഒരു പത്ത് വയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സറേ പോലീസ് അന്വേഷണമാരംഭിച്ചു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേര്‍ ബ്രിട്ടന്‍ വിട്ട് പോയതിനാല്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടും എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച്ച തന്നെ, ഈ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു അവര്‍ രാജ്യം വിട്ടത്.

മൃതദേഹം കണ്ടെത്തിയ ഉടനെ തന്നെ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിരുന്നു. മേഖലയിലെ ഓരോ വീടുകളും കയറിയിറങ്ങി, നിരവധി പേരെ ചോദ്യം ചെയ്തുകൊണ്ടുള്ള അന്വേഷണത്തിനൊടുവിലാണ് സംശയം ഈ മൂന്ന് പേരില്‍ എത്തിച്ചേര്‍ന്നത്. പൊതുവെ ശാന്തമായ ഒരു ഗ്രാമീണ മേഖ്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ പരിസരവാസികള്‍ ആകെ പരിഭ്രാന്തിയിലുമാണ്. കുറച്ചു നാളുകള്‍ കൂടി പോലീസ് പട്രോളിംഗ് ഈ മേഖലയില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു, ആറ് കുട്ടികളുമായി ഒരു പാകിസ്ഥാനി കുടുംബം, പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍ താമസം ആരംഭിച്ചതെന്ന് അയല്‍വാസികള്‍ പറയുന്നു. അതുകൊണ്ടു തന്നെ ആര്‍ക്കും ആ കുടുംബത്തെ കുറിച്ച് കൂടുതല്‍ അറിവില്ല. കുടുംബനാഥന്‍ ഒരു ടാക്സി ഡ്രൈവര്‍ ആയിരുന്നു എന്ന് അവര്‍ പറയുന്നു.എന്നിരുന്നാലും തങ്ങളുടെ അയല്‍വക്കത്ത് ഇത്തരമൊരു സംഭവം നടന്നതില്‍ എല്ലാവരും ഞെട്ടലിലാണ്. പ്രദേശത്തെ കുട്ടികള്‍ പ്രത്യേകുച്ചും ഭയപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.

You might also like