ചന്ദ്രയാൻ 3 ദൗത്യത്തിന്റെ നിർണായക ഘട്ടം ഇന്ന്
ചെന്നൈ ∙ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഏറ്റവും നിർണായകഘട്ടങ്ങളിലൊന്നായ പ്രൊപ്പൽഷൻ മൊഡ്യൂൾ – ലാൻഡർ വേർപെടൽ ഇന്ന് ഉച്ചയ്ക്ക് 1.13നു നടക്കും. ഇതിനു മുന്നോടിയായി പേടകത്തിന്റെ ഭ്രമണപഥം വീണ്ടും താഴ്ത്തുന്ന പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു.
<p>ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റർ മുകളിലെത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു ലാൻഡർ വേർപ്പെടുക. തുടർന്നു ലാൻഡർ ഇറങ്ങാനുള്ള തയാറെടുപ്പ് തുടങ്ങും. ത്രസ്റ്റർ എൻജിൻ ഉപയോഗിച്ച് വേഗം കുറച്ച് താഴേക്കെത്തും. ചന്ദ്രോപരിതലത്തിന് 800 മീറ്റർ ഉയരത്തിൽ എത്തുമ്പോൾ 2 ത്രസ്റ്റർ എൻജിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തിൽ അൽപനേരം നിശ്ചലമായി നിൽക്കും. പിന്നീട് സെക്കൻഡിൽ 1–2 മീറ്റർ വേഗത്തിലാകും താഴെയിറങ്ങുന്നത്.