ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ വയോധികർക്കും, ഭവനരഹിതർക്കും, കുടിയേറ്റക്കാർക്കും തടവുകാർക്കും സാന്തെജീദിയോ സമൂഹം ഉച്ചഭക്ഷണവിരുന്നൊരുക്കി.

0

“ഐക്യദാർഢ്യത്തിന്റെ ഓഗസ്റ്റ് അവധി” എന്ന പേരിൽ, ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ വയോധികർക്കും, ഭവനരഹിതർക്കും, കുടിയേറ്റക്കാർക്കും തടവുകാർക്കും സാന്തെജീദിയോ സമൂഹം ഉച്ചഭക്ഷണവിരുന്നൊരുക്കി. വിവിധ സമ്മേളനങ്ങളും ഭക്ഷണവിരുന്നുകളുമായി സഹാനുഭാവത്തിന്റെ അനുഭവം പങ്കുവച്ച ഈ സംരംഭത്തിൽ, കാബൂളിൽനിന്ന് രക്ഷപ്പെട്ടെത്തിയ അഫ്ഗാൻ പൗരന്മാരും സന്നദ്ധസേവനവുമായി മുന്നോട്ടെത്തി. മാനവിക ഇടനാഴികൾ വഴി ഇറ്റലിയിലെത്തിയ കുടിയേറ്റക്കാരാണ് ഇങ്ങനെ സഹകരണത്തിന് മാതൃക നൽകി സാന്തെജീദിയോ സമൂഹമൊരുക്കിയ പരിപാടികളിൽ സജീവസാന്നിധ്യമായത്.

വേനൽച്ചൂടും അവധിക്കാലവും കാരണം, ഏതാണ്ട് ആളൊഴിഞ്ഞ നഗരങ്ങളിൽ ഏകാന്തതയനുഭവിക്കുന്ന ദുർബലവിഭാഗങ്ങളിൽപ്പെട്ട ആളുകൾക്കാണ് സാന്തെജീദിയോ സംഘടനയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 15-ന് ഉച്ചഭക്ഷണം തയ്യാറാക്കി നൽകിയത്.

സ്നേഹത്തിന്റെ വിരുന്ന് എന്ന പേരിൽ റോമിൽ നടത്തിയ ഒരു ഉച്ചഭക്ഷണവേദിയിൽ 500 പേർക്കാണ് വിരുന്നൊരുക്കിയത്. ഇവിടെ സന്നദ്ധസേവനം ചെയ്യാൻ 2021 ഓഗസ്റ്റ് 15-ന് കാബൂളിൽനിന്ന് രക്ഷപ്പെട്ടെത്തിയ അഫ്ഗാൻ പൗരന്മാരുമുണ്ടായിരുന്നു. അതേസമയം, റോമിന്റെ മറ്റു പലയിടങ്ങളിലും, വയോധികർക്കും, അംഗവൈകല്യങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർക്കും, ഭവനരഹിതർക്കുമായി സാന്തെജീദിയോ സംഘടന ഒരുക്കിയിട്ടുള്ള വിവിധ ഭവനങ്ങളിലും ഇതുപോലെ ഉച്ചഭക്ഷണസദ്യ നൽകപ്പെട്ടു.

റോമിലെ “റേബിബ്ബിയ”, റെജീന ചേലി എന്നീ ജയിലുകൾ, ചിവിത്ത വേക്കിയയിലെയും ടൂറിൻ നഗരത്തിലെയും ജയിലുകൾ എന്നിവിടങ്ങളിലെ തടവുകാർക്കും ഈ വിരുന്ന് നൽകപ്പെട്ടു. റോമിലെ  “റേബിബ്ബിയിൽ”  2500-ഓളം തടവുകാരാണ് സൗഹൃദത്തിന്റെ ഈ വിരുന്നാസ്വദിച്ചത്. മിലാൻ, ജനീവ, പാദുവ, നേപ്പിൾസ് തുടങ്ങിയ നഗരങ്ങളിലും  സാന്തെജീദിയോ സമൂഹം ഐക്യദാർഢ്യത്തിന്റെ ഈ വിരുന്നൊരുക്കിയിരുന്നു.

ഓഗസ്റ്റ് 15-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് സാന്തെജീദിയോ സമൂഹം ഇതുസംബന്ധിച്ച് അറിയിച്ചത്.

You might also like