എ ലെവല്‍ റിസള്‍ട്ടില്‍ മിടുമിടുക്കരുടെ നിലയ്ക്കാത്ത വിജയാഘോഷം; മികച്ച ഗ്രേഡ് കണ്ടെത്താന്‍ ബ്രിട്ടീഷുകാര്‍ പ്രയാസപ്പെട്ടപ്പോള്‍ മിക്ക സ്‌കൂളിലും ”ടോപ്പര്‍” ലിസ്റ്റില്‍ മലയാളി പേരുകള്‍
കവന്‍ട്രി: നന്നായി പഠിക്കുന്നവര്‍ ഒരു കാലത്തു തിരഞ്ഞെടുത്തിരുന്ന മെഡിസിനും എഞ്ചിനിയറിങ്ങിനും പകരം ഇപ്പോള്‍ അവസരങ്ങളുടെ അനന്ത വിഹായസുമായി അനവധി കോഴ്സുകളാണ് ഓരോ സമയത്തും എത്തുന്നത്. മാറുന്ന ലോകത്തിന്റെ, മാറ്റത്തിന്റെ ട്രെന്‍ഡ് അനുസരിച്ചു ജീവിതം ക്രമപ്പെടുത്തുന്ന യുവ തലമുറയ്ക്ക് കൃത്യമായി അറിയാം എന്ത് പഠിക്കണം എങ്ങനെ ജീവിക്കണമെന്ന്. ഇതിനായി പഴയ തലമുറയിലെ പോലെ മുതിര്‍ന്നവരുടെ ഉപദേശമൊന്നും ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ആവശ്യമില്ല. ജോലിയുടെ പകിട്ടില്‍ ഗമ കാട്ടിയുള്ള ജീവിതമൊന്നും പുതു തലമുറയുടെ ചിന്തകളിലേയില്ല. ഈ ട്രെന്‍ഡ് കേരളത്തില്‍ പോലും വേര് പിടിക്കുമ്പോള്‍ യുകെയില്‍ വളരുന്ന കുട്ടികളില്‍ അതിനേക്കാള്‍ വേഗത്തില്‍ പടരുകയാണ് എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയാണ് എ ലെവല്‍ പരീക്ഷയില്‍ ത്രസിപ്പിക്കുന്ന വിജയം നേടിയവര്‍ തിരഞ്ഞെടുക്കുന്ന ഭാവി പഠനം നല്‍കുന്ന സൂചന.
കേരളത്തില്‍ എന്‍ജിനിയറിങ് കോളേജ് പലതും കുട്ടികള്‍ ഇല്ലാതെ കാത്തിരിക്കുമ്പോള്‍ നഴ്‌സിങ്ങിന് എത്ര കോളേജുകള്‍ തുടങ്ങിയാലും കുട്ടികള്‍ നിറഞ്ഞു കവിയും എന്നതാണ് അവസ്ഥ. ഇതിനു സമാനമാണ് യുകെയിലെ സാഹചര്യവും. ഡോക്ടറുടെയും നഴ്സിന്റെയും അമിത ഭാരമുള്ള ജോലിയും കുറഞ്ഞ വേതനവും മാധ്യമ തലക്കെട്ടുകളും കേട്ടുകേള്‍വി ഇല്ലാത്ത സമരങ്ങള്‍ പതിവ് സംഭവങ്ങള്‍ ആയി മാറുമ്പോഴും ചെറുപ്പക്കാര്‍ക്ക് ആരോഗ്യ മേഖലയിലെ ജോലികള്‍ അത്ര പോരാ എന്ന ചിന്തയാണ്.
ഒരു ജൂനിയര്‍ ഡോക്ടര്‍ നേടുന്നത് വെറും 14 പൗണ്ട് ആണെന്ന വിവരം പുറത്തു വരുമ്പോള്‍ ഏതൊരു ചെറുപ്പക്കാരും ചിന്തിക്കും ഇതിനാണോ അഞ്ചു വര്ഷം പഠനവും പരീക്ഷയുമായി ജീവിതം കെട്ടിയിടേണ്ടതെന്ന്. എന്നാല്‍ മറ്റു തൊഴില്‍ മേഖലയിലെ ചെറുപ്പകകര്‍ പലരും ഏതാനും വര്‍ഷം കൊണ്ട് ജൂനിയര്‍ ഡോക്ടറേക്കാള്‍ ഇരട്ടി ശമ്പളവും ടെന്‍ഷനിലാത്ത ജീവിതവും ആസ്വദിക്കുമ്പോള്‍ ഷിഫ്റ്റുകളില്‍ നിന്നും ഷിഫ്റ്റുകളിലേക്കു ഓവര്‍ ലോഡ് എടുക്കുകയാകും പഠിച്ചിറങ്ങി പണി തുടങ്ങിയ ഓരോ ഡോക്ടറും.
അമിത ജോലിഭാരത്തില്‍ വേണ്ടത്ര വിശ്രമം ഇല്ലാതെ ഡ്രൈവിങിനിടയില്‍ ഉറക്കം തൂങ്ങിയുള്ള അപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചതും മലയാളി പെണ്‍കുട്ടി ചികിത്സയ്ക്കിടയില്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്സും ഒക്കെ കോടതി കയറി ഇറങ്ങുന്നതും കണ്ടുകൊണ്ടാണ് യുകെ മലയാളി ചെറുപ്പക്കാര്‍ വളരുന്നത്. അതിനാല്‍ കൂലിയുമില്ല, ആവശ്യത്തിലേറെ ടെന്‍ഷനും സമ്മര്‍ദ്ദവും നല്‍കുന്ന തൊഴിലായി മാറിക്കൊണ്ടിരിക്കുന്ന മെഡിസിനോടും നഴ്സിംഗിനോടും പൊതുവെ നോ എന്ന് പറയുകയാണ് ചെറുപ്പക്കാര്‍. എന്നാല്‍ പണം നോക്കി ചെയ്യേണ്ട ജോലിയാണോ ഡോക്ടറുടേതും നഴ്സിന്റേതും എന്ന മറുവാദം ഉയരുമ്പോള്‍ മാറുന്ന ലോകത്തു പണമില്ലാത്തവര്‍ വെറും പിണമാണെന്ന ചൊല്ല് ഏറ്റുപറയുകയാണ് മിക്കവരും.
മാത്രമല്ല പുത്തന്‍ ലോകത്തില്‍ പണത്തിന് ഏറ്റവും ആവശ്യം ഉള്ള വിഭാഗം ചെറുപ്പക്കാര്‍ ആണെന്നതും വിസ്മരിക്കാനാകില്ല. അതിനാല്‍ ഏതു പ്രൊഫഷനിലാണ് ഏറ്റവും അധികം വേതനം എന്ന ചിന്തയിലാണ് ഓരോ കുട്ടിയും വളരുന്നത്. യുകെയില്‍ ഫുടബോള്‍ കളിക്കാരും സംഗീത ലോകത്തെ പ്രതിഭകളുമാണ് ഏറ്റവും അധികം പണം ഉണ്ടാക്കുന്നത് എന്ന തിരിച്ചറിവുള്ള യുവ തലമുറയ്ക്ക് ഈ രണ്ടു പ്രൊഫഷനിലും എത്താന്‍ കഠിന അധ്വാനം മാത്രം പോരാ ജന്മ സിദ്ധമായ കഴിവുകള്‍ കൂടി വേണം എന്ന ബോധ്യവുമുണ്ട്. അതിനാല്‍ ഭാഗ്യത്തിന്റെ തണല്‍ ചൂടി അത്തരം സ്വപ്നങ്ങള്‍ നെയ്തുകൂട്ടാന്‍ ഒരു ചെറുപ്പക്കാരും തയ്യാറല്ല. അല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ പഠിക്കാം, ഭാഗ്യമുണ്ടെങ്കില്‍ ജോലി കിട്ടട്ടെ എന്ന മനോഭാവവും അല്ല ഇന്നത്തെ ചെറുപ്പക്കാര്‍ക്ക്.
മാത്രമല്ല വേഗത്തില്‍ ഔട്ട് ഡേറ്റഡ് ആകാനിടയുള്ള കോഴ്സുകളും ജോലികളും ഒക്കെ കണ്മുന്നില്‍ ഓടിക്കളിക്കുമ്പോള്‍ പഠനമെന്ന തിരഞ്ഞെടുപ്പില്‍ വലിയ ശ്രദ്ധയും ജാഗ്രതയുമാണ് ചെറുപ്പക്കാര്‍ നല്‍കുന്നതും. പോസ്റ്റ് കോവിഡിന് ശേഷം ലോക ജീവിത ക്രമം തന്നെ മാറിയ സാഹചര്യത്തില്‍ പല തൊഴിലുകളും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ നല്‍കി യുകെയില്‍ എത്തി പല കോഴ്സുകളും പഠിക്കുന്ന മലയാളി ചെറുപ്പക്കാര്‍ക്ക് കോഴ്‌സ് അവസാനിക്കുമ്പോള്‍ മാത്രമാണ് ഈ പഠിച്ചത് കൊണ്ട് വലിയ പ്രയോജനമില്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നത്.
എന്നാല്‍ യുകെയിലെ ഒരു വിദ്യാര്‍ത്ഥിക്ക് ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നില്ല എന്നത് പ്രത്യേകതയുമാണ്. കാരണം യൂണിവേഴ്സിറ്റിയില്‍ പോകാറാകുമ്പോഴല്ല യുകെയില്‍ ഒരു വിദ്യാര്‍ത്ഥി പഠന വിഷയം തിരഞ്ഞെടുക്കുന്നത്. അത് പലപ്പോഴും വര്‍ഷങ്ങള്‍ക്ക് മുന്നേ സംഭവിക്കുന്ന കാര്യമാണ്. മാതാപിതാക്കളേക്കാള്‍ സ്‌കൂള്‍ തലത്തില്‍ തന്നെ അധ്യാപകരാണ് കുട്ടികള്‍ക്ക് അവരുടെ അഭിരുചി തിരിച്ചറിഞ്ഞു ഭാവി ജീവിതത്തിലെക്ക് വഴി കാട്ടികള്‍ ആയി മാറുന്നതും.