ഫ്രാൻസിസ് പാപ്പാ മഡഗാസ്‌കാർ പ്രെസിഡന്റ് ആൻഡ്രി നിരിന രജോലീനയെ വത്തിക്കാനിൽ സ്വീകരിച്ചു.

0

ഫ്രാൻസിസ് പാപ്പാ മഡഗാസ്‌കാർ പ്രെസിഡന്റ് ആൻഡ്രി നിരിന രജോലീനയെ വത്തിക്കാനിൽ സ്വീകരിച്ചു. ഓഗസ്റ്റ് 17 വ്യാഴാഴ്ച രാവിലെയാണ് പാപ്പാ ആഫ്രിക്കൻ ദ്വീപ രാജ്യമായ മഡഗാസ്‌കാറിന്റെ പ്രേസിഡന്റിന് വത്തിക്കാനിൽ കൂടിക്കാഴ്‌ച അനുവദിച്ചത്. തികച്ചും സൗഹൃദപരമായിരുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ആൻഡ്രി നിരിന രജോലീന, വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളുടെ വിഭാഗത്തിന്റെ ഉപസെക്രെട്ടറി മോൺസിഞ്ഞോർ മിറോസ്ലാവ് വാഹോവ്‌സ്‌കിയുമായും കൂടിക്കാഴ്ച നടത്തി.

വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ വച്ച് നടന്ന അഭിമുഖസംഭാഷണങ്ങളിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിയാത്മകമായ ബന്ധവും, മലഗാഷ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ കത്തോലിക്കാസഭ സ്തുത്യർഹമായ നിലയിൽ ചെയ്യുന്ന സേവനങ്ങളും ചർച്ചാവിഷയങ്ങളായി.

രാജ്യ, ആഗോള വിഷയങ്ങൾ സംബന്ധിച്ച് സംസാരിക്കവെ, ഉക്രൈനിൽ തുടരുന്ന യുദ്ധവും, അത് ലോകത്ത്, പ്രത്യേകിച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളും പരാമർശിക്കപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകഷികരാറും ഇരു നേതാക്കളും ചർച്ച ചെയ്‌തു. വർദ്ധിച്ച സഹകരണത്തിന് ഇത് ഉപകരിക്കുമെന്ന വസ്‌തുതയും പരിഗണിക്കപ്പെട്ടു.

You might also like