ഇന്നലെ പുറത്തു വന്ന എ ലെവല്‍ പരീക്ഷാ ഫലത്തില്‍ മലയാളികളുടെ വിജയത്തിളക്കം തുടരുകയാണ്

0

ഇന്നലെ പുറത്തു വന്ന എ ലെവല്‍ പരീക്ഷാ ഫലത്തില്‍ മലയാളികളുടെ വിജയത്തിളക്കം തുടരുകയാണ്. പതിവു പോലെ തന്നെ ഇക്കുറിയും മികച്ച മാര്‍ക്ക് നേടിയിരിക്കുന്നത് ആണ്‍കുട്ടികള്‍ തന്നെയാണ്. അതു തെളിയിക്കുന്നതാണ് ഇന്നത്തെ വാര്‍ത്തയും. മാത്രമല്ല, പഴയതുപോലെ മെഡിസിന്‍ പഠനം തെരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് മലയാളിയെ തേടിയെത്തുന്ന കുട്ടികളുടെ വിജയത്തിളക്കങ്ങള്‍ നല്‍കുന്ന സൂചനയും.

 

രണ്ടു വര്‍ഷം മുമ്പ് ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച ജിസിഎസ്ഇ പരീക്ഷാ ഫലത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ ഡബിള്‍ സ്റ്റാറുകള്‍ നേടി മിടുക്ക് തെളിയിച്ച വിദ്യാര്‍ത്ഥിയായിരുന്നു ഐയ്ല്‍സ്ബറിയിലെ ടോണി അലോഷ്യസ്. ഇപ്പോഴിതാ, എ ലെവലിലും പഠിച്ച നാലു വിഷയങ്ങള്‍ക്കും എ സ്റ്റാറുകള്‍ നേടി 100 ശതമാനം വിജയം ആവര്‍ത്തിച്ചിരിക്കുകയാണ് ഈ മിടുക്കന്‍. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ക്കാണ് ടോണി എ സ്റ്റാറുകള്‍ നേടിയത്. മാത്രമല്ല, ലണ്ടന്‍ ഇംപീരിയല്‍ കോളേജില്‍ മെഡിസിന് അഡ്മിഷനും ടോണിയെ തേടി എത്തിക്കഴിഞ്ഞു.

ടോണിയുടെ ചേച്ചി ആനി അലോഷ്യസ് ലണ്ടന്‍ ഇംപീരിയല്‍ കോളേജില്‍ സെക്കന്റ് ഇയര്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിയാണ്. അതുകൊണ്ടു തന്നെ ചേച്ചിയുടെ പാത പിന്തുടര്‍ന്ന് ടോണിയും ഇംപീരിയലിലേക്ക് തന്നെ എത്തുമ്പോള്‍ അഭിമാനത്തിന്റെ നിറവിലാണ് മാതാപിതാക്കളായ അലോഷ്യസും ജിജിയും. പഠനത്തില്‍ മാത്രമല്ല, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കനാണ് ടോണി. യുക്മ കലാതിലകമായിരുന്ന ചേച്ചിയെ പോലെ പാഠ്യേതര വിഷയങ്ങളിലും ടോണി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2019, 2020 വര്‍ഷങ്ങളില്‍ യുക്മ നാഷണല്‍ കലാമേളയില്‍ കലാപ്രതിഭയായിരുന്നു ടോണി. സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം, പ്രസംഗം (ഇംഗ്ലീഷ്) എന്നിവയിലെല്ലാം ഒന്നാം സ്ഥാനം നേടിയാണ് ടോണി കലാപ്രതിഭയായത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഹിപ് ഹോപ്പും ബോളിവുഡ് ഡാന്‍സും പഠിച്ചു വരികയാണ്. 2019ലെ ടീന്‍ സ്റ്റാറില്‍ ലണ്ടന്‍ ഏരിയ ഫൈനലിസ്റ്റും 2020ലെ യുകെഎംടി സീനിയര്‍ മാത്തമാറ്റിക്കല്‍ ചലഞ്ചില്‍ ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.

You might also like