എ ഐ ക്യാമറകള്‍ ബ്രിട്ടനിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു : കനത്ത പിഴയും പെനാല്‍റ്റി പോയിന്റും നല്‍കി ഡിവിഎല്‍എ
എ ഐ ക്യാമറകള്‍ ബ്രിട്ടനിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ അത് ക്യാമറയുടെ വിലയോ, കരാറെടുത്ത കമ്പനിയുടെ പേരോ ഒന്നും കൊണ്ടല്ല, മറിച്ച് ക്യാമറ കൈയ്യോടെ പിടിച്ച നിയമ ലംഘനങ്ങള്‍ കാരണമാണ്. വെറും മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഡെവണിലെ ലോന്‍സെസ്റ്റണിന് സമീപം എ 30 ല്‍ സ്ഥാപിച്ച ക്യാമറ പൊക്കിയത് 300 ഓളം പേരെയാണ്. 117 പേരെ വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിച്ചതിന് പിടികൂടിയപ്പോള്‍ 130പേര്‍ പെട്ടത് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനായിരുന്നു.
നിര്‍മ്മിതി ബുദ്ധി സാങ്കേതിക വിദ്യയില്‍ അടിസ്ഥിതമായ ഈ സര്‍വിലന്‍സ് ക്യാമറകള്‍ക്ക് ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്താനാകും. നല്ല വ്യക്തതയുള്ള ചിത്രങ്ങളാണ് ഈ ഉയര്‍ന്ന റെസലൂഷന്‍ ഉള്ള ക്യാമറകള്‍ പകര്‍ത്തുക. പിന്നീട് ഇത് എ ഐ സോഫ്റ്റ്‌വെയര്‍ പരിശോധിച്ച് നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് തീരുമാനിക്കും. നിയമലംഘനം നടന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ തെളിവായി ചിത്രങ്ങള്‍ പോലീസിന് അയയ്ക്കും. അവിടെ മനുഷ്യര്‍ ഒന്നു കൂടി പരിശോധിച്ച് നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തും.
നിയമലംഘനം ഉറപ്പായാല്‍ ഡ്രൈവര്‍മാര്‍ക്ക് ഒരു വാര്‍ണിംഗ് ലെറ്ററോ, പ്രോസിക്യുഷന്‍ നടപടികള്‍ക്കുള്ള അറിയിപ്പോ നല്‍കുമെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്നോറോളം ആളുകളാണ് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഈ ക്യാമറ കണ്ണുകളില്‍ കുടുങ്ങിയത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിഷന്‍ സീറോ എന്ന സംഘടനയുമായി ചേര്‍ന്ന് ആസ്‌ട്രേലിയന്‍ ടെക് കമ്പനിയായ ആക്യൂസെന്‍സസ് ആണ് ഈ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.