പാക്കിസ്ഥാനിൽ ക്രൈസ്തവദേവാലയങ്ങൾക്കെതിരെ ആക്രമണം

0

മുസ്ലിം ഭൂരിപക്ഷമുള്ള പാക്കിസ്ഥാനിൽ, മതപരമായ കുറ്റങ്ങൾ ആരോപിച്ച് ന്യൂനപക്ഷക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ തുടരുന്നു. ഒരു ക്രൈസ്തവൻ ഖുറാൻ അശുദ്ധമാക്കിയെന്ന് ആരോപിച്ച് ഓഗസ്റ്റ് 16 ബുധനാഴ്ച, മുസ്ലിം ആൾക്കൂട്ടം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലാണ് അതിക്രമം അഴിച്ചുവിട്ടത്.

“സഹിക്കുന്ന സഭയ്ക്കുള്ള സഹായം” എന്ന പ്രസ്ഥാനത്തിന്റെയും, മാധ്യമങ്ങളുടെയും റിപ്പോർട്ടുകൾ പ്രകാരം, ഖുറാൻ അശുദ്ധമാക്കിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ വീട് അടിച്ചുതകർത്ത ആൾക്കൂട്ടം ഒരു ദേവാലയം പൂർണ്ണമായും അഗ്നിക്കിരയാക്കി. മറ്റു രണ്ടു ദേവാലയങ്ങളും, നിരവധി ഭവനങ്ങളും തകർക്കപ്പെട്ടു. ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അക്രമണങ്ങളിൽനിന്ന് രക്ഷനേടാനായി നിരവധിയാളുകൾക്ക് വീടുകൾ ഉപേക്ഷിച്ചിറങ്ങേണ്ടിവന്നു.

ആക്രമണങ്ങളുടെ തീവ്രത കണക്കിലെടുത്ത് കൂടുതൽ പോലീസിനെയും പട്ടാളത്തെയും ഈ പ്രദേശത്ത് വിന്യസിച്ചതായി അസോസിയേറ്റഡ് പ്രെസ് റിപ്പോർട്ട് ചെയ്‌തു.

ഫൈസലാബാദ് ജില്ലയിലെ ജരൺവാലായിൽ രാജാ അമീർ എന്ന ഒരു ക്രൈസ്തവനും സുഹൃത്തും ഖുറാന്റെ താളുകൾ കീറുകയും അവ നിലത്തെറിയുകയും, അവയിൽ അപമാനകരമായ കാര്യങ്ങൾ എഴുതുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ദേവാലയങ്ങൾക്കും ഭവനങ്ങൾക്കുമെതിരെ ആക്രമണം അഴിച്ചുവിട്ടത്.

You might also like