ക്രിസ്ത്യൻ ദേവാലയങ്ങൾ അടച്ചുപൂട്ടിയില്ലെങ്കിൽ അക്രമത്തിന്റെ മാർഗ്ഗം: ഭീഷണിയുമായി മധ്യപ്രദേശിലെ വിഎച്ച്പി നേതാവ്

0

ഭോപ്പാൽ: മധ്യപ്രദേശിലെ ആദിവാസി മേഖലകളിലെ ക്രൈസ്തവ ദേവാലയങ്ങൾ ഒരു മാസത്തിനകം അടച്ചുപൂട്ടിയില്ലെങ്കിൽ അക്രമത്തിന് മുതിരുമെന്ന ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിക്ഷത്തിന്റെ (വി.എച്ച്.പി) പ്രാദേശിക നേതാവ്. ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കുന്ന വൈദികർക്കും പാസ്റ്റർമാർക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ അക്രമത്തിന്റെ മാർഗ്ഗം സ്വീകരിക്കുമെന്നാണ് ജാബുവ ജില്ലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.എച്ച്.പി നേതാവ് ആസാദ് പ്രേം സിംഗ് ഭീഷണി മുഴക്കിയിരിക്കുന്നത്.

കഴിഞ്ഞ എഴുപതു വർഷങ്ങൾക്കിടയിൽ ക്രിസ്ത്യൻ മിഷ്ണറിമാർ ഗോത്രവർഗ്ഗക്കാരെ മതപരിവർത്തനം നടത്തിയെന്നും സംരക്ഷിത ഗോത്രമേഖലകളിൽ ക്രൈസ്തവ ദേവാലയങ്ങൾ പണിയുകയും ചെയ്തെന്ന് ആരോപിച്ച നേതാവ് ദേവാലയങ്ങൾ അടച്ചുപൂട്ടുവാൻ മുപ്പതു ദിവസത്തെ അന്ത്യശാസനമാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 11ന് നൂറുകണക്കിന് വി.എച്ച്.പി പ്രവർത്തകരേയും, ചില ഗോത്രവർഗ്ഗക്കാരേയും ഉൾപ്പെടുത്തിക്കൊണ്ട് ആസാദ് പ്രേം ജബുവ നഗരത്തിൽ ജാഥ സംഘടിപ്പിച്ചിരിന്നു. കത്തോലിക്കാ വൈദികരും പാസ്റ്റർമാരും മതപരിവർത്തനം നടത്തുകയാണെന്നു ആരോപിച്ച് ഇദ്ദേഹം കളക്ട്രേറ്റിൽ പരാതി നൽകിയിട്ടുണ്ട്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരെ സാമൂഹ്യ ക്ഷേമ പദ്ധതികളിൽ നിന്നും ഒഴിവാക്കണമെന്നും പരാതി നൽകിയ ശേഷം മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

എന്നാൽ മതപരിവർത്തനം സംബന്ധിച്ച ആരോപണം ക്രൈസ്തവ നേതൃത്വം നിഷേധിച്ചു. സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുവാനുള്ള നീക്കമാണിതെന്നു ക്രിസ്ത്യൻ നേതാക്കൾ ചൂണ്ടിക്കാട്ടി. തങ്ങൾ നിർമ്മിച്ചിട്ടുള്ള ദേവാലയങ്ങൾ മതിയായ രേഖകളോടെ നിയമപരമായിട്ട് തന്നെയാണ് നിർമ്മിച്ചിരിക്കുന്നതെന്ൻ ജാബുവ കത്തോലിക്കാ രൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസറും തദ്ദേശീയനുമായ ഫാ. റോക്കി ഷാ വ്യക്തമാക്കി. നിയമമനുസരിച്ച് ജീവിക്കുന്ന തങ്ങൾ ഇത്തരത്തിലെ ഭീഷണികൊണ്ട് ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ജനുവരി 9നാണ് മധ്യപ്രദേശ്‌ സർക്കാർ തങ്ങളുടെ അൻപതു വർഷങ്ങൾ പഴക്കമുള്ള ‘മതപരിവർത്തന വിരുദ്ധ നിയമം’ മാറ്റി കൂടുതൽ കർക്കശമായ പുതിയ നിയമം പ്രാബല്യത്തിൽ വരുത്തിയത്.

You might also like