പാകിസ്ഥാനില്‍ പ്രിസ്ബൈറ്റേറിയന്‍ ആരാധനാലയത്തിലെ വചനപ്രഘോഷകന് വെടിയേറ്റു
പാകിസ്ഥാനിലെ ജരന്‍വാലയില്‍ മതനിന്ദ ആരോപിച്ച് നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണത്തില്‍ ഇസ്ലാമിക നേതൃത്വം രംഗത്തു വന്നിട്ടും രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 3-ന് ഫൈസലാബാദ് പ്രവിശ്യയിലെ സത്യാന റോഡിലെ പ്രിസ്ബൈറ്റേറിയന്‍ ആരാധനാലയത്തിലെ വചനപ്രഘോഷകനായ എലിയേസര്‍ സിദ്ധു (വിക്കി)വിന് വെടിയേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. റെഹ്മത്ത് ഖനുവാന പട്ടണത്തിലെ വീട്ടിലേക്ക് നടന്നു വരുന്ന വഴിക്കാണ് അദ്ദേഹത്തിനു വെടിയേറ്റത്. നിര്‍ബന്ധപൂര്‍വ്വം ഖുറാനിലെ വാക്യങ്ങള്‍ ചൊല്ലുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അതിന് വിസമ്മതിച്ചപ്പോഴാണ് അക്രമികള്‍ വെടിവെച്ചതെന്ന് ‘ഏഷ്യന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസാവസാനം ഇസ്ലാമിക സൂക്തങ്ങള്‍ എഴുതി ദേവാലയ ഭിത്തികള്‍ അലംകോലമാക്കിയവരാണ് ആക്രമണത്തിന്റെ പിന്നിലെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എലിയേസര്‍ വെളിപ്പെടുത്തി. വചനപ്രഘോഷകന്റെ വലതുകരത്തിനാണ് വെടിയേറ്റിരിക്കുന്നത്. വെടിവെച്ച ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്നും ഓടിമറഞ്ഞു. മോണ്‍. ഇണ്ട്രിയാസ് റെഹ്മത്ത് പോലീസ് സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തുകയും ഉത്തരവാദികളായ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി പാസ്റ്റര്‍ വിക്കിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും സന്ദര്‍ശിച്ചിരുന്നു.
വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 16-ന് ജരന്‍വാലയില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് അരങ്ങേറിയത്. ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായിരിക്കുന്നത്. കറാച്ചി, സര്‍ഗോദ, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭിത്തികളും ഖുറാന്‍ സൂക്തങ്ങള്‍ എഴുതി അക്രമികള്‍ അലംകോലമാക്കി. തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ ക്രൈസ്തവ സമൂഹം ഏറെ ആശങ്കയിലാണ്.