ഒഡീഷയിലെ കന്ധമാലിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഇരകൾ നഷ്ടപരിഹാരത്തുക നൽകണമെന്ന നിവേദനം കളക്ടർക്ക് കൈമാറി.

0

2016-ല്‍ സുപ്രീം കോടതി ഉത്തരവിൽ നിർദ്ദേശിച്ച നഷ്ടപരിഹാരത്തുക നൽകണമെന്നതു ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ഒഡീഷയിലെ കന്ധമാലിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഇരകൾ. ഈ വർഷം ഓഗസ്റ്റ് 31നു പതിനഞ്ചാം കന്ധമാൽ രക്തസാക്ഷിത്വ ദിനമായി ആചരിക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി രണ്ടായിരത്തോളം ആളുകളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനത്തിൽ ഒപ്പുവെച്ചത്. നൂറോളം ആളുകൾ മരിക്കുകയും, അന്‍പത്തിആറായിരത്തോളം ആളുകൾ ഭവനരഹിതരാവുകയും ചെയ്ത കലാപത്തിന്റെ ദയനീയ അവസ്ഥ അവർ നിവേദനത്തിൽ സ്മരിച്ചു.

കന്ധമാലിലെ ബലിഗുഡ എന്ന സ്ഥലത്താണ് തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ ഓഫ് കന്ധമാൽ ജസ്റ്റിസ്, പീസ് ആൻഡ് ഫ്രറ്റേർണിറ്റി ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികൾ ഒത്തുചേര്‍ന്നത്. പിന്നാലെ, സംയുക്തമായി തയാറാക്കിയ നിവേദനം കളക്ടർക്ക് കൈമാറി. അന്വേഷണം അവസാനിപ്പിച്ച 315 കേസുകളിൽ ഇരകൾക്ക് നീതി ലഭിക്കാനായി അന്വേഷണം പുനഃരാരംഭിക്കണമെന്ന് ബലിഗുഡ സബ് ഡിവിഷൻ കളക്ടർ മധുമിതക്ക് നൽകിയ നിവേദനത്തിൽ ക്രൈസ്തവ സമൂഹം ആവശ്യപ്പെട്ടു.

 

ക്രൈസ്തവ വിരുദ്ധ അക്രമത്തിന്റെ ഭാഗമായ സർക്കാർ അധികൃതർക്കെതിരെയും നടപടി സ്വീകരിക്കണം. രാജ്യത്തിന്റെ മറ്റുള്ള സ്ഥലങ്ങളിലേക്കുള്ള ഒഴുക്ക് തടയുന്നതിന് വേണ്ടി ദളിത്, ആദിവാസി വിഭാഗത്തിൽപ്പെട്ട ക്രൈസ്തവർക്ക് പ്രത്യേക പദ്ധതികൾക്ക് രൂപം നൽകണമെന്നും, തൊഴിൽ അധിഷ്ഠിത പരിശീലനം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്. നിവേദനം സ്വീകരിച്ച കളക്ടർ പ്രസിഡന്റിനും, പ്രധാനമന്ത്രിക്കും, സംസ്ഥാനത്തെ ഗവർണർക്കും, മുഖ്യമന്ത്രിക്കും നിവേദനം കൈമാറുമെന്ന് ഉറപ്പു നൽകി.

2008 ആഗസ്റ്റ് 25-നാണ് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷമണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തീവ്രഹൈന്ദവവാദികള്‍ ക്രൈസ്തവരുടെ നേര്‍ക്ക് കടുത്ത അക്രമം അഴിച്ചുവിട്ടത്. നൂറിലേറെ ക്രൈസ്തവരെ നിഷ്കരുണം കൊലചെയ്യുകയും, മുന്നൂറിലധികം ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും, പതിനായിരകണക്കിന് ക്രിസ്ത്യന്‍ ഭവനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തുകൊണ്ട് ഹിന്ദുത്വവാദികള്‍ നരനായാട്ട് നടത്തിയ കന്ധമാല്‍ ഇന്നും ക്രൈസ്തവരുടെ ഉള്ളിലെ തീരാവേദനയാണ്.

You might also like