സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ വൈറസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ വൈറസ്. കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്ക് പൂനയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ ഉടന്‍ സംസ്ഥാനത്തേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ കേന്ദ്രത്തിന്റെ സ്ഥിരീകരണം കേരളം തള്ളി. നിലവില്‍ കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി അറിയിപ്പൊന്നും വൈറോളജി ലാബില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ മരിച്ച രണ്ട് പേര്‍ക്ക് നിപ സംശയിക്കുന്നതായും വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് ശ്രവം അയച്ചതായും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത് തെറ്റിധരിക്കപ്പെട്ടതാകാമെന്നും നിപ വൈറസ് സ്ഥിരീകരണത്തെ കുറിച്ച് വൈറോളജി ലാബില്‍ നിന്നും പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നും വീണാ വിജയന്‍ അറിയിച്ചു.