കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി. ഇതോടെ, ഇന്നലെയും ഇന്നുമായി സർവകലാശാലയിൽ നടക്കുന്ന UG, PG ഓപ്പൺ കൗൺസിലിങ്ങിന് എത്തിയ വിദ്യാർഥികൾ ദുരിതത്തിലായി. വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാകുന്നതാണ് സർവകലാശാലയുടെ നിർദ്ദേശം.
സെമസ്റ്റർ ബ്രേക്ക് കഴിഞ്ഞ് ഈ മാസം 18ന് ക്യാമ്പസിൽ തിരിച്ചെത്തുന്ന മലയാളി വിദ്യാർഥികൾക്കും നിർദ്ദേശം ബാധകമാകും. മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സർവകലാശാല നടപടിയെന്ന് വി ശിവദാസൻ എംപി പ്രതികരിച്ചു. അടിയന്തര ഇടപെടൽ തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി ശിവദാസൻ എംപി കത്തയച്ചു. സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിയിൽ മലയാളി വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചു.