ആഗോള സഭാസിനഡും,ധ്യാനാത്മകമായ നിശബ്ദതയും

0

രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം സാർവത്രിക സഭയുടെ ഭരണത്തിലും പ്രത്യേക ഉപദേശപരവും അജപാലനപരവുമായ വിഷയങ്ങളിൽ പാപ്പായോടു ചേർന്ന് നിന്നുകൊണ്ട് സാർവത്രികസഭയിലെ മെത്രാന്മാരുടെ പ്രതിനിധികളുടെ സമ്മേളനമാണ് മെത്രാന്മാരുടെ സിനഡെന്ന നിലയിൽ 1965 സെപ്റ്റംബർ പതിനഞ്ചാം തീയതി Apostolica Sollicitudo എന്ന മൊത്തു പ്രോപ്രിയോ വഴിയായി പോൾ ആറാമൻ പാപ്പാ സ്ഥാപിച്ചത്. സഭയുടെ ആവശ്യങ്ങൾക്കനുസരിച്ച്, പൊതുനന്മയ്ക്കുവേണ്ടി അനുയോജ്യമെന്ന് തോന്നുന്ന അവസരത്തിൽ പാപ്പാ ഈ സമ്മേളനം വിളിച്ചുകൂട്ടുന്നു.

സിനഡ് അഥവാ സൂനഹദോസ് എന്ന വാക്ക് ഉരുത്തിരിയുന്നത് രണ്ടു ഗ്രീക്ക് വാക്കുകളിൽനിന്നുമാണ്: സിൻ -ഹൊദോസ്. ഇതിനർത്ഥം ഒരുമിച്ചു നടക്കുക എന്നാണ്.വാസ്തവത്തിൽ ഈ അർത്ഥമാണ് സിനഡിനെ മറ്റു പൊതുതലങ്ങളിലുള്ള സമ്മേളനങ്ങളിൽനിന്നും വ്യത്യസ്തവും,വ്യതിരിക്തവുമാക്കുന്നത്. മെത്രാന്മാർക്ക് തങ്ങൾക്കിടയിലും, പാപ്പായോടും ചേർന്ന് നിന്നുകൊണ്ട് ആലോചനകൾ കൊണ്ടും,സഹകരണം മൂലവും പരസ്പരം ആശയങ്ങൾ കൈമാറിക്കൊണ്ട് പൊതുനന്മയെ ലക്‌ഷ്യം വച്ചുകൊണ്ടുള്ള വഴികൾ തുറക്കുവാനും അതുവഴി ഒരുമിച്ചു നടക്കുവാനുമുള്ള ഒരു ഇടം കൂടിയാണ് സിനഡിന്റെ വേദി.

കഴിഞ്ഞ നാളുകളിലെ സിനഡുകൾ, വിശുദ്ധ കുർബാന, ദൈവ വചനം, മധ്യപൂർവേഷ്യയിലെ പ്രശ്നങ്ങൾ, നവസുവിശേഷവത്ക്കരണം, കുടുംബം, യുവജനങ്ങൾ, ആമസോൺ തുടങ്ങിയ വിഷയങ്ങൾ ഇപ്രകാരം തുറന്ന മനസോടെയും, പൊതുചിന്തകളോടെയും ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ഈ സിനഡുകളിൽനിന്നും വ്യത്യസ്തമായി പാപ്പായുടെ ആഴമേറിയ ധ്യാനത്തിൽ ഉരുത്തിരിഞ്ഞുവന്നതാണ് ഈ വർഷത്തെ സിനഡ്.ഏതെങ്കിലും ഒരു പ്രത്യേക പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിനു പകരം, സഭയുടെ യഥാർത്ഥ സവിശേഷതയെ ജീവിതത്തിൽ സ്വാംശീകരിക്കുവാനുള്ള ഒരു വിളിയാണ് ഇത്തവണത്തെ സിനഡ് നമുക്ക് നൽകുക. അതായത് ഇന്നത്തെ ലൗകിക യാഥാർഥ്യങ്ങളിൽ ദൈവത്തിന്റെ വിളിക്കനുസരണം ഒരു സഭയായി മാറുവാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുക, ഇതാണ് സിനഡിന്റെ ആശയം.

ഇത് ഒരു നിശ്ചിത സമയപരിധിയിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല, മറിച്ച് എല്ലാ ദൈവജനങ്ങൾക്കും വേണ്ടിയുള്ള മൂന്നു വർഷത്തെ ഒരു സിനഡുപ്രക്രിയയാണ്.ആരെയും ഒഴിവാക്കാതെ എല്ലാവരെയും ചേർത്തുനിർത്തുന്ന സഭയുടെ മാതൃത്വം നിറഞ്ഞ സ്വഭാവമാണ് ഇതിലൂടെ വെളിപ്പെടുന്നത്.മെത്രാന്മാർക്കുപുറമെ മറ്റുള്ളവർക്കും വോട്ടവകാശമുള്ള ഒരു സിനഡെന്ന പ്രത്യേകതയും ഇതിനുണ്ട്.

You might also like