ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഷാരോണ്‍ രാജ് കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ കോലം കത്തിച്ചു

0

തിരുവനന്തപുരം : ഷാരോണ്‍ രാജ് കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ കോലം കത്തിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ഗ്രീഷ്മയ്ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ് പുരുഷന്മാരുടെ സംഘടന സെക്രട്ടേറിയറ്റിന് മുന്നില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചത്.

മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂര്‍ക്കാവ് അജിത്ത് ആണ് ഗ്രീഷ്മയുടേയും ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും കോലം കത്തിച്ചത്. സ്ത്രീകള്‍ ക്രിമിനലുകളാകുന്നത് കൂടി വരികയാണെന്ന് വട്ടിയൂര്‍ക്കാവ് അജിത് മാധ്യമങ്ങളോട് പ്രതികരിച്ചു.

”വലിയൊരു വിഭാഗം പുരുഷന്മാരും വേദനയോടെ കണ്ട ഒരു കാര്യമാണ് ഒരു പെണ്‍കുട്ടി വളരെ അധികം പ്ലാന്‍ ചെയ്ത് ഒരു യുവാവിനെ പ്രണയം നടിച്ച് അതിദാരുണമായി കൊല ചെയ്തു. ഹൈക്കോടതി ആ പെണ്‍കുട്ടിക്ക് ജാമ്യം കൊടുത്തു. വിസ്മയ കേസില്‍ കൊലപാതകം ചെയ്യാതെ തന്നെ കിരണ്‍ കുമാര്‍ ജയിലില്‍ കിടക്കുമ്പോള്‍ ഇവിടെ ഒരു യുവാവിനെ ഒരു പെണ്‍കുട്ടി ദാരുണമായി കൊല ചെയ്തിട്ടും പുറത്തിറങ്ങി നടക്കുന്നു”, വട്ടിയൂര്‍ക്കാവ് അജിത് പറഞ്ഞു.

”മാത്രമല്ല ആ പെണ്‍കുട്ടി കോടതി നടപടികള്‍ തമിഴ്‌നാട്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലും പോയിരിക്കുന്നു. ഈ കേസ് തമിഴ്‌നാട്ടിലേക്ക് പോയിക്കഴിഞ്ഞാല്‍ എന്ത് നീതി കിട്ടുമെന്ന് എല്ലാവര്‍ക്കും അറിയാം.

പെണ്‍കുട്ടി താമസിച്ചിരുന്ന പാറശ്ശാലയിലെ വീട് വിറ്റു. അവര്‍ 53 ലക്ഷം രൂപ പല രീതിയില്‍ ചിലവഴിച്ച് കൊണ്ടിരിക്കുകയാണ്. അതിപ്പോള്‍ പുറത്ത് പറയുന്നില്ല. കോടതികള്‍ക്കും നിയമപാലകര്‍ക്കും വേണ്ടി ആ പണം ചിലവഴിച്ച് ഈ കേസില്‍ നിന്നും ഊരിപ്പോരാന്‍ വേണ്ടി ശ്രമിക്കുന്നു എന്നാണ് അറിയുന്നത്”.

”കാശും നല്ലൊരു വക്കീലും ഉണ്ടെങ്കില്‍ എത്ര നീചമായ കൊലപാതകത്തില്‍ നിന്നും ഒരു പെണ്‍കുട്ടിക്ക് പുല്ലുപോലെ ഇറങ്ങിപ്പോരാം. കഴിഞ്ഞ കാലങ്ങളില്‍ ഉളളതിനേക്കാള്‍ സ്ത്രീകള്‍ ഇപ്പോള്‍ ക്രിമിനലുകളാണ്. ഏത് ക്രിമിനല്‍ കേസ് നോക്കിയാലും ഒന്നിലധികം പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ക്ക് ഒരു പരിരക്ഷയും ഇല്ലാതിരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നിയമം കൊടുക്കുന്ന പരിരക്ഷ അവര്‍ ദുരുപയോഗം ചെയ്യുന്നു. പ്രതികളായാല്‍ പോലും ഇവരെ കോടതികള്‍ സംരക്ഷിക്കുന്നു” എന്നും വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു.

You might also like