മെത്രാപ്പോലീത്താ പദവിയിൽനിന്ന് ഒഴിയുകയാണെന്ന പ്രഖ്യാപനവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്.

0

കോതമംഗലം: മെത്രാപ്പോലീത്താ പദവിയിൽനിന്ന് ഒഴിയുകയാണെന്ന പ്രഖ്യാപനവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. നവംബറിൽ പാത്രിയർക്കീസ് ബാവയെ കണ്ടതിനു ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

കോതമംഗലം മാർത്തോമ ചെറിയപള്ളി പെരുന്നാൾ ദിനത്തിൽ മൂന്നിന്മേൽ കുർബാന മധ്യേ സന്ദേശം നൽകുന്നതിനിടെയാണ് അദ്ദേഹം മെത്രാപ്പോലീത്ത സ്ഥാനത്തുനിന്ന് മാറണമെന്ന താത്പര്യം സൂചിപ്പിച്ചത്. നിരണം ഭദ്രാസന മെത്രാപ്പോലീത്താ സ്ഥാനവും അതുമായി ബന്ധപ്പെട്ട പദവികളും അവകാശങ്ങളുമെല്ലാം ഉപേക്ഷിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
മികച്ച വാഗ്മിയും സഭയിലെ ജനകീയ മുഖവുമായ അദ്ദേഹം പല സന്ദർഭത്തിലും തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഇടതുമുന്നണിയുടെ വനിതാ മതിൽ അടക്കമുള്ള പല പരിപാടികളെയും പിന്തണച്ചിട്ടുള്ള മെത്രാപ്പോലീത്ത ഇടത് സഹ യാത്രികനായാണ് അറിയപ്പെടുന്നത്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മെത്രാപ്പോലീത്താ ചുമതല ഉപേക്ഷിക്കാൻ ഏറെക്കാലമായി ആലോചിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ചുമതലകളിൽനിന്ന് മാറി പ്രാർഥനയും സാമൂഹിക സേവനവും എഴുത്തും വായനയുമായി ശേഷിക്കുന്ന കാലം കഴിയാനാണ് തീരുമാനം.

You might also like