ദുബൈ: ഒരുമാസം നീണ്ടു നിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് എഡിഷനിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷന് തുടക്കം. ഒക്ടോബർ 28 മുതൽ നവംബർ 26 വരെയാണ് ചലഞ്ച്. സ്വദേശികൾക്കും വിദേശികൾക്കും ചലഞ്ചിൽ പങ്കെടുക്കാം.
http://dubaifitnesschallenge.com എന്ന വെബ്ലിങ്കിൽ പ്രവേശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചലഞ്ച് നടക്കുന്നത്. ദുബൈ കിരീടവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2017ൽ തുടക്കം കുറിച്ച സംരംഭമാണിത്. ഒരുമാസം നീണ്ടുനിൽക്കുന്ന 30 മിനിറ്റ് വ്യായാമത്തിന് ചെലവഴിക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. ഈ കാലയളവിനിടയിൽ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കും. നടത്തം, ടീം സ്പോർട്സ്, പാഡ്ൽ ബോർഡിങ്, ഗ്രൂപ്പ് ഫിറ്റ്നസ് ക്ലാസുകൾ, ഫുട്ബോൾ, യോഗ, സൈക്ലിങ് തുടങ്ങിയവ ഇതിന്‍റെ ഭാഗമായിരിക്കും.