ഖത്തർ ആഭിമുഖ്യത്തിലുള്ള മധ്യസ്ഥ ചർച്ച വഴി രണ്ട് അമേരിക്കൻ തടവുകാരെ വിട്ടയച്ച ഹമാസ് നടപടിക്കിടയിലും ഗസ്സയിൽ വ്യോമാക്രമണം രൂക്ഷം.

0

ഗസ്സ സിറ്റി: ഖത്തർ ആഭിമുഖ്യത്തിലുള്ള മധ്യസ്ഥ ചർച്ച വഴി രണ്ട് അമേരിക്കൻ തടവുകാരെ വിട്ടയച്ച ഹമാസ് നടപടിക്കിടയിലും ഗസ്സയിൽ വ്യോമാക്രമണം രൂക്ഷം. നൂറിലേറെ കേന്ദ്രങ്ങളിൽ ഇന്നലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ഇതോടെ മരണ സംഖ്യ നാലായിരം കടന്നു. ആശുപത്രികൾ ഭൂരിഭാഗവും അടച്ചിടലിന്റെ വക്കിലാണ്. മരുന്നും വെള്ളവും ഭക്ഷണവും ലഭിക്കാതെ പതിനായിരങ്ങൾ ദുരിതത്തിലാണ്. ഇതിനിടയിലും തുടരുകയാണ്, സിവിലിയൻ കേന്ദ്രങ്ങളെ ഉന്നം വെച്ചുള്ള വ്യോമാക്രമണങ്ങൾ. ഗസ്സയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് എല്ലാവരെയും ഉടൻ ഒഴിപ്പിക്കാൻ സൈന്യം രാത്രി മുന്നറിയിപ്പ് നൽകി. രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരുമായി ആശുപത്രി കെട്ടിടത്തിലുള്ളത് പന്ത്രണ്ടായിരം പേർ. അൽഅഹ്‌ലി ആശുപത്രിയുടെ നടുക്കുന്ന അനുഭവം മുന്നിലുള്ളതിനാൽ സൈനിക മുന്നറിയിപ്പ് പാലിക്കുകയല്ലാതെ മറ്റു വഴിയില്ല, അൽ ഖുദ്‌സ് ഹോസ്പിറ്റൽ അധികൃതർക്ക്.

You might also like