കൊലക്കേസിൽ ഉൾപ്പെട്ട രണ്ട് തടവുകാർക്ക് എൽഎൽബി പഠിക്കാൻ അനുമതി നൽകി ഹൈക്കോടതി

0

കൊച്ചി: കൊലക്കേസിൽ ഉൾപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ടുപേർക്ക് ഓൺലൈനായി എൽഎൽബി പഠിക്കാൻ അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജയിലിലാണെങ്കിലും അഭിമാനത്തോടെ ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

തടവുശിക്ഷ കൊണ്ട് പ്രതികളില്‍ ഉദ്ദേശിക്കുന്ന പരിവര്‍ത്തനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണ്. സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നല്‍ തടവുകാരില്‍ ഉണ്ടാക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയും. തടവിൽ കഴിയുന്ന സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിനും ഇതു വഴിയൊരുക്കും. ശിക്ഷ പൂര്‍ത്തിയായി പുറത്തിറങ്ങുമ്പോള്‍ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാന്‍ വിദ്യാഭ്യാസം അവരെ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ ചീമേനിയിലെ തുറന്ന ജയിലിലെ സുരേഷ്ബാബു, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വി വിനോയ് എന്നിവരാണ് പഠനത്തിനായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2023-24 അദ്ധ്യയനവര്‍ഷത്തെ എല്‍എല്‍ബി പ്രവേശനപരീക്ഷ ഇരുവരും വിജയിച്ചിരുന്നു. മൂന്നുവര്‍ഷത്തെ കോഴ്‌സിന് സുരേഷ് ബാബുവിന് മലപ്പുറം കെഎംസിടി ലോ കോളേജിലും വിനോയിക്ക് അഞ്ചുവര്‍ഷത്തെ കോഴ്സിന് പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലുമാണ് പ്രവേശനം ലഭിച്ചത്.

ഫീസടയ്ക്കാനും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജിലെത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി ഇവരുടെ ബന്ധുക്കളോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പ്രവേശനനടപടികള്‍ പൂര്‍ത്തിയായി. എന്നാല്‍ ഓണ്‍ലൈനായി പഠിക്കണമെന്ന ആവശ്യത്തെ പ്രവേശനം നേടിയ കോളേജുകള്‍ ഉള്‍പ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും എംജി യൂണിവേഴ്സിറ്റിയുടെയും അഭിഭാഷകര്‍ എതിര്‍ത്തു. ഓണ്‍ലൈന്‍ എല്‍എല്‍ബി കോഴ്‌സുകള്‍ക്ക് നിരോധനമുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുണ്ടെങ്കില്‍ ഓണ്‍ലൈനായി പ്രവേശനം നല്‍കാന്‍ തയ്യാറാണെന്ന നിലപാടാണ് ഇരു കോളേജുകളുടെയും പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിച്ചത്.

You might also like