സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വേരോടെ ഇല്ലാതാക്കപ്പെടണം: ഫ്രാൻസിസ് പാപ്പാ
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സമൂഹത്തെ ബാധിക്കുന്ന തിന്മയാണെന്നും, അത് വേരോടെ പറിച്ചെറിയപ്പെടെണമെന്നും ഫ്രാൻസിസ് പാപ്പാ. “സ്ത്രീകൾക്കെതിരായ പുരുഷ അതിക്രമങ്ങൾക്കെതിരെയുള്ള സുദീർഘമായ തരംഗം” എന്ന പേരിൽ, ഇറ്റാലിയിലെ റായി ഊനോ റേഡിയോയും സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന കാദ്‌മി എന്ന സംഘടനയും ചേർന്ന് സംഘടിപ്പിച്ച പ്രചാരണപരിപാടിയിലേക്ക് നൽകിയ സന്ദേശത്തിലാണ്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പാപ്പാ ശബ്ദമുയർത്തിയത്. സ്ത്രീകൾ വസ്തുക്കളായി കണക്കാക്കി തങ്ങളുടെ കൈവശാവകാശമെന്നു കരുതുന്ന മനഃസ്ഥിതിയും അവരോട് മുൻവിധികളോടെ പെരുമാറുന്ന ഒരു സാമൂഹികവ്യവസ്ഥയും മാറേണ്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത്തരം ചിന്താഗതികൾ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നവയാണ്.
പുരുഷവർഗ്ഗത്തിന്റെ തെറ്റായ ചിന്താഗതിയുടെ ഫലമായി നിരവധി സ്ത്രീകൾ അതിക്രമങ്ങൾ ഏൽക്കുകയും, അടിമകളായി കണക്കാക്കപ്പെടുകയും ദുരുപയോഗങ്ങൾക്ക് ഇരകളാകുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. സ്ത്രീ ശരീരവും ജീവിതവും തങ്ങളുടെ ഇഷ്ടപ്രകാരം ഉപയോഗിക്കാമെന്ന ചിന്താഗതിയാലാണ് ഇത്തരം കാര്യങ്ങൾ അരങ്ങേറുന്നത്.
സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങളിൽ മാധ്യമങ്ങൾ എടുക്കുന്ന നിലപാടിലുള്ള അവ്യക്തതയെക്കുറിച്ചും പാപ്പാ പറഞ്ഞു. ഒരു ഭാഗത്ത് സ്ത്രീകൾ ബഹുമാനിക്കപ്പെടേണ്ടവരാണെന്ന് പറയുകയും സ്ത്രീപുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, മറുഭാഗത്ത്, സുഖഭോഗചിന്തയും ഉപഭോക്തൃമനോഭാവത്തോടെയുള്ള ജീവിതവുമാണ് പല മാധ്യമങ്ങളും മുന്നോട്ട് വയ്ക്കുന്നത്. മറ്റുള്ളവരെ ആകർഷിക്കാനും, അവരുടെമേൽ ആധിപത്യം സ്ഥാപിക്കാനുമുള്ള ശക്തി, മാത്സര്യം തുടങ്ങിയ ചിന്തകളിൽ അടിസ്ഥാനമിട്ട വിജയമാനദണ്ഡങ്ങളാണ് സ്ത്രീപുരുഷന്മാർക്ക് മുന്നിൽ അവ അവതരിപ്പിക്കുന്നത്.