ഉത്തരാഖണ്ഡിൽ തകർന്ന തുരങ്കത്തിൽ പത്തുദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തകർന്ന തുരങ്കത്തിൽ പത്തുദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. പൈപ്പിനുള്ളിൽ ഘടിപ്പിച്ച ക്യാമറയുടെ സഹായത്തോടെയാണ് തൊഴിലാളികളുടെ ചിത്രങ്ങളെടുത്തത്. നാൽപ്പത്തിയൊന്നുപേരാണ് നവംബർ 12 മുതൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്.
കഴിഞ്ഞ ദിവസം തുരങ്കത്തിന്റെ തകർന്ന ഭാഗത്തിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആറ് ഇഞ്ച് പൈപ്പ് കടത്തിവിട്ടിരുന്നു. ഈ പൈപ്പിൽ എൻഡോസ്‌കോപ്പിക് ക്യാമറ ഘടിപ്പിച്ചാണ് തൊഴിലാളികളുടെ ചിത്രങ്ങളെടുത്തത്. തൊപ്പി ധരിച്ച് തൊഴിലാളികളുടെ വേഷങ്ങളോടെ ക്യാമറയ്ക്കുനേരെ കൈവീശുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ക്യാമറയ്ക്ക് മുന്നിലേയ്ക്ക് വരാനും സംസാരിക്കാനും അധികൃതർ വാക്കി ടോക്കിയിലൂടെ നിർദേശങ്ങൾ നൽകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇന്നലെയാണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ ആദ്യമായി ചൂടുള്ള ഭക്ഷണം കഴിച്ചത്. പൈപ്പിലൂടെയാണ് ഗ്ളാസ് ബോട്ടിലുകളിലായി കിച്ചടി കടത്തി നൽകിയത്. ഇതുവരെയും ഡ്രൈ ഫ്രൂട്ട്‌സും വെള്ളവുമായിരുന്നു അവർ കഴിച്ചിരുന്നത്.
പൈപ്പിലൂടെ തൊഴിലാളികൾക്ക് മൊബൈൽ ഫോണുകളും ചാർജറുകളും എത്തിക്കുമെന്ന് രക്ഷാപ്രവർത്തനത്തിന്റെ ചാർജുള്ള കേണൽ ദീപക് പാട്ടീൽ പറഞ്ഞു. തൊഴിലാളികൾ എല്ലാവരും സുരക്ഷിതരാണെന്നും ഉടൻ പുറത്തെത്തിക്കുമെന്നും ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധമി പറഞ്ഞു.