ഷാർജയിൽ നിന്ന് ദുബായിലേക്കും തിരിച്ചും വാഹനം ഓടിച്ച് യാത്ര ചെയ്യുന്ന പ്രവാസികളടക്കമുള്ളവർക്ക് മുന്നറിയിപ്പ്.

0

ദുബായ്: ഷാർജയിൽ നിന്ന് ദുബായിലേക്കും തിരിച്ചും വാഹനം ഓടിച്ച് യാത്ര ചെയ്യുന്ന പ്രവാസികളടക്കമുള്ളവർക്ക് മുന്നറിയിപ്പ്. ഏറ്റവും തിരക്കേറിയ അൽ ഇത്തിഹാദ് റോഡിലെ വേഗപരിധി കുറച്ചു. നവംബർ 20 മുതൽ, അൽ ഇത്തിഹാദ് റോഡിൽ നിന്ന് അൽ ഗർഹൂദിലേക്കുള്ള പരമാവധി വേഗ പരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസും സംയുക്തമായി തീരുമാനിച്ചു.

വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാരിൽ നിന്ന് 3000 ദിർഹം (68,000 ഇന്ത്യൻ രൂപ) പിഴയായി ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. വേഗപരിധി കുറച്ചതിന് പിന്നാലെ പ്രതികരണവുമായി യാത്രക്കാരും രംഗത്തെത്തി. ഇന്ന് മുതൽ വേഗ പരിധി പരിഷ്‌കരിച്ച കാര്യം ഞാൻ ഓർത്തില്ലെന്ന് ഒരു സിറിയൻ പ്രവാസി മാദ്ധ്യമങ്ങളോട് പറഞ്ഞു. എനിക്ക് 20 കിലോമീറ്റർ വേഗത കുറയ്‌ക്കേണ്ടി വന്നു. മാദ്ധ്യമങ്ങളിൽ വായിച്ചെങ്കിലും തീയതി മറന്നു. റോഡിലെ ബോർഡുകൾ കണ്ടപ്പോൾ സ്പീഡ് ലിമിറ്റ് പരിഷ്‌കരിച്ചു എന്ന് തോന്നിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ആവർത്തിച്ചുള്ള അപകടങ്ങൾ, റോഡിലും പ്രദേശത്തും സമീപകാലത്തുണ്ടായ വികസനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചത്. അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് ബോർഡുകളിലെ 100 കിലോമീറ്റർ മാറ്റി 80 കിലോമീറ്റർ എന്ന പുതിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ അവബോധം വർദ്ധിപ്പിക്കുന്നതിനായി സ്പീഡ് കുറയ്ക്കേണ്ട റോഡുകളിൽ ചുവന്ന ലൈനുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഗതാഗതം മെച്ചപ്പെടുത്തുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായി ദുബായിലെ പ്രധാന റോഡുകളുടെ വേഗപരിധിയിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ ആർടിഎ പതിവായി അവലോകനം നടത്താറുണ്ട്. സ്പീഡ് ലിമിറ്റ്, ട്രാഫിക് ഫ്‌ളോ എന്നിവയിൽ വേണ്ട മാറ്റങ്ങൾ കൊണ്ടുവരാനും ആർടിഎ തീരുമാനമെടുക്കാറുണ്ട്.

You might also like