സമാധാനത്തോടെയുള്ള ജീവിതം പാലസ്തീൻ ഇസ്രായേൽ ജനതകളുടെ അവകാശം: ഫ്രാൻസിസ് പാപ്പാ
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി യുദ്ധങ്ങളാണ് തുടർച്ചയായി ഉണ്ടായിട്ടുള്ളതെന്നും, ലോകത്ത് ഇന്നുനടക്കുന്ന യുദ്ധങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും ദുഃഖമുണ്ടെന്നും ഫ്രാൻസിസ് പാപ്പാ.
ഈ യുദ്ധങ്ങൾ അകലെയുള്ള രാജ്യങ്ങളിൽ അരങ്ങേറുമ്പോൾ അവയുടെ മാരകശക്തി നാം തിരിച്ചറിയുന്നുണ്ടാകില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം രണ്ടു യുദ്ധങ്ങൾ വളരെ അടുത്തായി ഉണ്ടെന്നും, അവയെക്കുറിച്ച് പ്രതികരിക്കാൻ അവ നമ്മെ നിർബന്ധിക്കുന്നുവെന്നും ഉക്രൈനിലേയും വിശുദ്ധനാട്ടിലെയും യുദ്ധങ്ങളെ പരാമർശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.
വിശുദ്ധ നാട്ടിൽ അരങ്ങേറുന്ന സംഘർഷങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് പാപ്പാ ആവർത്തിച്ചു. പാലസ്തീനയിലെയും ഇസ്രയേലിലെയും ജനങ്ങൾക്ക് സമാധാനത്തിൽ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് പാപ്പാ പ്രസ്‌താവിച്ചു. അവരിരുവരും സഹോദരജനതകളാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.