വത്തിക്കാനിലെ ക്രിസ്തുമസ് വൃക്ഷം കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റും
മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി, വത്തിക്കാനിൽ ഇത്തവണ ക്രിസ്തുമസ് അലങ്കാരങ്ങളുടെ ഭാഗമായി കൊണ്ടുവന്നിട്ടുള്ള ക്രിസ്തുമസ് ട്രീ ആഘോഷങ്ങൾക്ക് ശേഷം നശിപ്പിച്ച് കളയില്ലെന്നും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റുവാനായി അത് ഒരു കമ്പനിയിലേക്ക് അയക്കുമെന്നും പിയോ മോന്തേ പ്രദേശത്തിന്റെ പ്രെസിഡന്റ് ആൽബെർത്തോ ചിറിയോ വ്യക്തമാക്കി. കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലായിരിക്കും ഈ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുക.
വടക്കൻ ഇറ്റലിയിലെ കൂണെയോ പ്രദേശത്തെ മാക്ര താലൂക്കിലെ മായിര താഴ്‌വരയിൽനിന്ന് കൊണ്ടുവന്ന 28 മീറ്റർ ഉയരമുള്ള സരളവൃക്ഷമാണ് ഇത്തവണ ക്രിസ്തുമസിനായി വത്തിക്കാനിലെത്തിച്ചിട്ടുള്ളത്. ഏതാണ്ട് 65 ക്വിന്റൽ ഭാരവുമുള്ള ഈ മരം 56 വർഷം പ്രായമുള്ളതാണ്. പിയെ മോന്തെ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള അഗ്നിശമനവിഭാഗത്തിന്റെ നിർദ്ദേശപ്രകാരം മുറിച്ചുകളയുവാൻ തീരുമാനിക്കപ്പെട്ട വൃക്ഷമാണ് വത്തിക്കാനിലെത്തിച്ചത്. മഞ്ഞുവീഴ്ചയുടെ പ്രതീതിയുളവാക്കുന്ന വിധത്തിൽ വിളക്കുകളും, അലങ്കാരങ്ങളും വൃക്ഷത്തിൽ ഉണ്ടായിരിക്കും.
റിയെത്തി പ്രദേശത്തുനിന്ന് കൊണ്ടുവരുന്ന ക്രിസ്തുമസ് പുൽക്കൂട് ഉദ്‌ഘാടനവും ക്രിസ്തുമസ് ട്രീ പ്രകാശിപ്പിക്കലും, ഡിസംബർ 9 ശനിയാഴ്‌ച വൈകുന്നേരം അഞ്ചുമണിക്ക്, വത്തിക്കാൻ ഗവര്ണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഫെർണാണ്ടോ വേർഗെസ് അലസാഗ നിർവഹിക്കും. അന്നേദിവസം രാവിലെ റിയെത്തി, മാക്ര പ്രദേശങ്ങളിൽനിന്നുള്ള പ്രതിനിധിസംഘങ്ങൾക്ക് പതിവുപോലെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിക്കും