ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും

0

ദുബായ് : ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. ഡിസംബർ ഒന്നിന് മാർപാപ്പ ദുബായിലെത്തും. നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്‌പോ സിറ്റിയിലാണ് കാലാവസ്ഥാ ഉച്ചകോടി നടക്കുക. ഉച്ചകോടിയിൽ പങ്കെടുക്കാൻ മൂന്നു ദിവസം ദുബായിൽ ചെലവഴിക്കുമെന്ന് മാർപാപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറ്റാലിയൻ വിമാനക്കമ്പനിയായ ഐടിഎ എയർവേസിന്റെ കാർബൺ ന്യൂട്രൽ വിമാനത്തിലാണ് മാർപാപ്പ ദുബായിൽ എത്തുന്നത്.

ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ലോകനേതാക്കളുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും. ചാൾസ് രാജാവ് ഉൾപ്പെടെ നിരവധി ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.

2019 ൽ യുഎഇയിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പ മൂന്നു ദിവസം രാജ്യത്ത് പര്യടനം നടത്തിയിരുന്നു. അന്ന് യുഎഇയിലെ ആദ്യ പൊതു കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ച് ഫ്രാൻസിസ് മാർപാപ്പ ചരിത്രമെഴുതി. കാത്തുനിന്ന 1.80 ലക്ഷം വിശ്വാസികൾക്കിടയിലേക്ക് പാപ്പാ മൊബീലിലാണു എത്തിയത്. യുഎഇയിലെ ആദ്യ ക്രിസ്ത്യൻ ദേവാലയമായ അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലും അദ്ദേഹം സന്ദർശിച്ചിരുന്നു.

You might also like