49 ദിവസത്തിനു ശേഷം മോചനം; 13 ഇസ്രയേല്‍ പൗരന്മാരെയും 12 തായ് പൗരന്മാരെയും വിട്ടയച്ച് ഹമാസ്
ഗാസ ∙ 49 ദിവസം ഹമാസിന്റെ പിടിയിലായിരുന്നവര്‍ക്ക് ഒടുവില്‍ മോചനം. 13 ഇസ്രയേലി പൗരന്മാരെയും തായ്‌ലന്‍ഡില്‍നിന്നുള്ള 12 പേരെയും മോചിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തായ് പൗരന്മാരെ മോചിപ്പിച്ച വിവരം തായ്‌ലന്‍ഡ് പ്രധാനമന്ത്രി അറിയിച്ചു. ഖത്തറിന്‍റെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിര്‍ത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി പൗരന്മാരെ കൈമാറിയത്. തായ്‌ലന്‍ഡിൽനിന്നുള്ളവരെ മോചിപ്പിക്കുന്നത് കരാറിന്‍റെ ഭാഗമായല്ല. ഈജിപ്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് തായ് പൗരന്മാരുടെ മോചനമെന്നാണു റിപ്പോര്‍ട്ട്.
റഫാ അതിര്‍ത്തിയില്‍ ബന്ദികളെ റെഡ്‌ക്രോസ് തങ്ങള്‍ക്കു കൈമാറിയതായി ഈജിപ്ത് അറിയിച്ചു. ഇവരെ ഇസ്രയേലി അധികൃതര്‍ ആറിഷ് വിമാനത്താവളത്തില്‍ എത്തിച്ച ശേഷം ഇസ്രയേല്‍ വ്യോമതാവളത്തിലേക്കു കൊണ്ടുപോകും. ഹമാസ് വിട്ടയച്ച തായ് പൗരന്മാര്‍ റഫാ അതിര്‍ത്തി വഴി ഇസ്രയേലില്‍ എത്തിയെന്നും ഇവരെ ടെല്‍ അവീവിനു തെക്കുഭാഗത്തുള്ള ഷാമിര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുമെന്നും തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് 48 മണിക്കൂര്‍ ഇവിടെ വൈദ്യശുശ്രൂഷ നല്‍കും. ഇവര്‍ എല്ലാവരും പുരുഷന്മാരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.