വിദ്യാർത്ഥി രജിസ്റ്റർ നമ്പർ തെറ്റിച്ചു; ആലപ്പുഴയിൽ അദ്ധ്യാപികയ്ക്ക് 3000 രൂപ പിഴ
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയെഴുതിയ വിദ്യാർത്ഥി രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയതിന് ഇൻവിജിലേറ്ററായ അദ്ധ്യാപികയ്ക്ക് പിഴ. ആലപ്പുഴയിലെ ഹയർ സെക്കൻഡറി അദ്ധ്യാപികയ്ക്കാണ് 3000 രൂപ പിഴയിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി.
കഴിഞ്ഞ വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംഗ്ലീഷ് പരീക്ഷയിലാണ് വിദ്യാർത്ഥി രജിസ്റ്റർ നമ്പർ തെറ്റായി എഴുതിയത്. പിഴവില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൽ പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപിക വീഴ്ച വരുത്തിയെന്ന് ചുണ്ടിക്കാട്ടി വിശദീകരണം ചോദിച്ചിരുന്നു.
മനഃപൂർവം തെറ്റുവരുത്തിയിട്ടില്ലെന്ന് അദ്ധ്യാപിക വിശദീകരിച്ചെങ്കിലും ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. ഇതുമൂലം വിദ്യാർത്ഥിയുടെ ഫലപ്രഖ്യാപനം വരെ വെെകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ നൽകിയത്. പിഴ ട്രഷറിയിൽ അടച്ചതിന്റെ ചെലാനും അച്ചടക്ക നടപടി സർവീസ് ബുക്കിൽ രേഖപ്പെടുത്തിയതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അയച്ചു കൊടുക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
എന്നാൽ, നിസാരവിഴ്ചകളുടെ പേരിൽ അദ്ധ്യാപകരിൽ നിന്ന് ആയിരക്കണക്കിന് രൂപ പിഴ ഈടാക്കുന്നത് അന്യായമാണെന്നും പിൻവലിക്കണമെന്നും അദ്ധ്യാപക സംഘടനയായ എ എച്ച് എസ് ടി എ ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.