അന്ധകാരം നിറഞ്ഞ ഒരു ലോകത്തിൽ നിത്യപ്രകാശമായെത്തുന്ന ക്രിസ്തുവിനെ പിന്തുടരുക: ഫ്രാൻസിസ് പാപ്പാ

0

അന്ധകാരം നിറഞ്ഞ ഒരു ലോകത്തേക്ക് പ്രകാശമായാണ് ക്രിസ്തു എത്തുന്നതെന്നും, പിതാവിന്റെ സ്നേഹമാണ് അവൻ നമുക്ക് പകരുന്നതെന്നും ഫ്രാൻസിസ് പാപ്പാ. റോമൻ കൂരിയയ്ക്ക് ഡിസംബർ 21 വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്‌ച്ചാവേളയിലാണ് ക്രിസ്തുവിന്റെ ജനനം ലോകത്തിന് മുഴുവൻ അനുഗ്രഹമാണെന്ന സത്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചത്. അക്രമങ്ങളും, യുദ്ധങ്ങളും, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളും, ദാരിദ്ര്യവും, സഹനവും, പട്ടിണിയും നിറഞ്ഞ ഒരു ലോകത്ത്, ക്രിസ്തുവിന്റെ വരവിനെക്കുറിച്ചുള്ള അറിയിപ്പ് ശ്രദ്ധാപൂർവ്വം നാം ശ്രവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ദുർബലമായ മാനവികതയുടെ പിള്ളത്തൊട്ടിലിലേക്കാണ് യേശു പിറക്കുന്നതെന്നും, ദൈവികമായ ശൈലിയിൽ, തന്റെ സാമീപ്യത്തിലൂടെയും, സഹാനുഭൂതിയിലൂടെയും, ആർദ്രതയിലൂടെയുമാണ് അവൻ പിതാവായ ദൈവത്തിന്റെ സ്നേഹം നമുക്ക് പകരുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വരുവാനിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള അറിയിപ്പിന്റെ വചനം നാം ശ്രവിക്കുകയും, അവന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങളെ തിരിച്ചറിയുകയും അപഗ്രഥിക്കുകയും, അവന്റെ വചനമനുസരിച്ച്, അവനുപിന്നാലെ സഞ്ചരിക്കാൻ തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നമ്മുടെ വിശ്വാസയാത്രയിലും, റോമൻ കൂരിയായിലെ സേവനരംഗത്തും ഇത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

You might also like