പുതുവത്സരദിനത്തിൽ അപകട പരമ്പര; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

0

തിരുവനന്തപുരം: പുതുവത്സരദിനത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. തലസ്ഥാനത്തും കോഴിക്കോടും നടന്ന അപകടങ്ങളിൽ മൂന്ന് യുവാക്കളാണ് മരിച്ചത്. തിരുവനന്തപുരം തിരുവല്ലത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാച്ചല്ലൂർ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിൻ തുടങ്ങിയവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ തിരുവല്ലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അതേസമയം, കോഴിക്കോട് വെളളയിൽ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദിൽ ഫർഹാൻ (16) എറണാകുളം ലോകമാന്യക് തിലക് തുരന്ത് എക്‌സ്പ്രസിടിച്ചാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ വെള്ളയിൽ റെയിൽവേസ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയുള്ള ട്രാക്കിലാണ് അപകടം നടന്നത്.

കൂട്ടുകാർക്കൊപ്പം കോഴിക്കോട് ബീച്ചിൽ പുതുവത്സരം ആഘോഷിക്കാനായി പോയതായിരുന്നു ആദിൽ. രണ്ട് സ്കൂട്ടറുകളിലായി നാലുപേരായിട്ടായിരുന്നു തിരികെ മടങ്ങിയത്. മെയിൻ റോഡുകളിൽ ബ്ലോക്ക് ആയതിനാൽ ഇടവഴിയിലൂടെ പോകവേയാണ് അപകടമുണ്ടായത്. മറ്റുളളവർക്ക് പരിക്കുകളില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

You might also like