ഇറാനിലുണ്ടായ ഭീകരാക്രമണത്തിൽ ദു:ഖം പ്രകടിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇറാനിലുണ്ടായ ഇരട്ട ഭീകരാക്രമണത്തിൽ ഞെട്ടലും ദു:ഖവും പ്രകടിപ്പിച്ച് ഇന്ത്യ. ഇറാനോട് ഐക്യപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
റെവല്യൂഷനറി ഗാർഡ് മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനായി ജനങ്ങൾ ഒത്തുകൂടുന്നതിനിടയിലാണ് ഇരട്ട സ്ഫോടനമുണ്ടാകുന്നത്. ആക്രമണത്തിൽ 84 പേർ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചു. 200 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കെർമാനിലെ ഭീകരാക്രമണത്തിൽ ‘നിയമപരവും അന്തർദേശീയവുമായ നടപടികൾ’ സ്വീകരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുള്ള അഹിയാൻ പറഞ്ഞു.ആക്രമണത്തിന് പിന്നിൽ ഇസ്രായേലും അമേരിക്കയുമാണെന്ന് കുറ്റപ്പെടുത്തിയ ഇറാൻ പ്രതികാരം ഉറപ്പാണെന്നും മുന്നറിയിപ്പ് നൽകി. സ്ഫോടനത്തിൽ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പൂർണ ശ്രദ്ധ ഗസ്സ യുദ്ധത്തിലാണെന്നും പ്രതികരിക്കാനില്ലെന്നും ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.