മെെലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; രണ്ടുപേർ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
പത്തനംതിട്ട: മെെലപ്രയിൽ വൃദ്ധനായ വ്യാപാരിയെ കടയ്‌ക്കുള്ളിലിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. തമിഴ്നാട് തെങ്കാശി സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ എന്നിവരെയാണ് പൊലീസ് പിടികൂടുയത്. ഇന്നലെ തെങ്കാശിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും രാത്രിതന്നെ പത്തനംതിട്ട എത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കൊലപാതകം നടത്തിയ സംഘത്തിൽ മൂന്ന് പേരാണുള്ളതെന്നാണ് വിവരം. ഇതിൽ മൂന്നാമത്തെയാൾ പത്തനംതിട്ട സ്വദേശിയായ ഓട്ടോ ഡ്രെെവറാണെന്നാണ് സൂചന. തമിഴ്‌നാട്ടിൽ ജയിൽവാസം അനുഭവിക്കുന്നതിനിടെയാണ് മൂവരും പരിചയപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് മൈലപ്ര സ്വദേശിയും വ്യാപാരിയുമായ ജോർജ് ഉണ്ണുണ്ണി(72) മരിച്ചത്. മോഷണത്തിനിടെയാണ് ജോർജ് കൊല്ലപ്പെട്ടതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സ്റ്റേഷനറി സാധനങ്ങളും പലവ്യജ്ഞനങ്ങളും വിൽക്കുന്ന ജോർജിന്റെ പുതുവേലിൽ സ്‌റ്റോഴ്സിൽ വച്ചായിരുന്നു കൊലപാതകം. വലിയ ആസൂത്രണം നടത്തിയാണ് പ്രതികൾ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു.
ജോർജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറുമകൻ വൈകിട്ട് അഞ്ചരയോടെ എത്തിയപ്പോഴാണ് കൈകാലുകൾ കെട്ടി വായിൽ തുണി തിരുകിയ നിലയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. കടയിലുണ്ടായിരുന്ന സി സി ടി വി യുടെ ഹാർഡ് ഡിസ്ക് പ്രതികൾ എടുത്തു കൊണ്ടുപോയിരുന്നു.