മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു; ഇംഫാൽ താഴ‍്‍വരയിൽ ഭരണം പിടിച്ച് മെയ്തെയ് തീവ്രസംഘം

0

ഇംഫാൽ : മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്റ്റിലും കാങ്പോക്പിയിലും വെടിവെപ്പ് ഉണ്ടായി. ഇംഫാൽ താഴ്​വരയുടെ നിയന്ത്രണം മെയ്തെയ് തീവ്ര സംഘടനയായ ‘ആരംഭായ് തെംഗോലി’ പിടിച്ചെടുത്തു. ഇംഫാൽ താഴ്വാരയിലൂടെ തുറന്ന വാഹനങ്ങളിൽ ആയുധങ്ങളുമായി പരേഡ് നടത്തുന്ന ആരംഭായ് തെംഗോലിനൊപ്പം നിരോധിത മെയ്തെയ് ഭീകര സംഘടനകളുടെ അണികളും ചേർന്നതോടെ മണിപ്പുരിൽ സ്ഥിതി സ്ഫോടനാത്മകമായി.

മെയ്തെയ് വിഭാഗത്തിൽപ്പെട്ട മന്ത്രിമാരെയും നിയമസഭാംഗങ്ങളെയും ഇംഫാൽ നഗരത്തിലെ കാംഗ്ല കോട്ടയിൽ ഭീഷണിപ്പെടുത്തി എത്തിച്ച ആരംഭായ് തെംഗോൽ മണിപ്പുരിന്റെ പ്രാദേശിക അഖണ്ഡത കാത്തുസൂക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു

കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാവിലെ മുതലാണ് വെടിവെപ്പ് ഉണ്ടായത്. ജനുവരി ആദ്യം രണ്ട് അക്രമ സംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ സംഘർഷമാണിത്.

മേഖലയിൽ സംഷർഷം തുടരുകയാണ്. കഴിഞ്ഞ ആഴ്‌ച തൗബാൽ ജില്ലയിലെ പൊലീസ് ആസ്‌ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്ക്‌ പരിക്കേറ്റിരുന്നു. ഇതിനിടെ മണിപ്പൂർ കലാപത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു.

You might also like