അമേരിക്കയില്‍ ബൈഡന്‍ ഭരണത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു: ക്രൈസ്തവരോടുള്ള ശത്രുതാ മനോഭാവം വര്‍ധിക്കുന്നതായും പഠന റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അമേരിക്കയില്‍ ജോ ബൈഡന്‍ സര്‍ക്കാരിന്റെ ഭരണത്തില്‍ കീഴില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചതായി പുതിയ റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ഭൂരിപക്ഷമായ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കടുത്ത അവഗണയാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന ഫാമിലി റിസര്‍ച്ച് കൗണ്‍സില്‍ (എഫ്ആര്‍സി) എന്ന സംഘടനയാണ് വിശ്വാസികളെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സമീപ വര്‍ഷങ്ങളിലായി അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളാണ് എഫ്ആര്‍സി റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്. ക്രിസ്ത്യന്‍ വിശ്വാസത്തോടും ക്രൈസ്തവരോടുമുള്ള ശത്രുതാ മനോഭാവം വര്‍ധിക്കുന്നതില്‍ സര്‍ക്കാരിന്റെ
നയങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പള്ളി ആക്രമണങ്ങളുടെ കുതിച്ചുയരുന്ന നിരക്ക്, ക്രൈസ്തവ വിശ്വാസത്തെ ലക്ഷ്യം വച്ചുള്ള നിയമനിര്‍മ്മാണങ്ങള്‍, ബാലപീഡനം സംബന്ധിച്ച കുമ്പസാര രഹസ്യം വെളിപ്പെടുത്താനുള്ള സമ്മര്‍ദം തുടങ്ങി നിരവധി ഭീഷണികളാണ് വിശ്വാസി സമൂഹം നേരിടുന്നത്.
മതേതര ചിന്തയ്ക്ക് പ്രധാന്യം ലഭിക്കുന്ന സംഭവങ്ങളാണ് അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് ഫാമിലി റിസര്‍ച്ച് കൗണ്‍സിലിലെ (എഫ്ആര്‍സി) സെന്റര്‍ ഫോര്‍ റിലീജിയസ് ലിബര്‍ട്ടിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഏരിയല്‍ ഡെല്‍ ടര്‍ക്കോ പറഞ്ഞു.
‘അമേരിക്കയില്‍ പള്ളികള്‍ക്കെതിരായ ആക്രമണങ്ങള്‍ ദിനം തോറും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 29 സംസ്ഥാനങ്ങളിലെ പള്ളികള്‍ക്കെതിരെ 69 ആക്രമണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പള്ളികള്‍ക്ക് നാശനഷ്ടം വരുത്തിയ 53 സംഭവങ്ങള്‍, തീവയ്ക്കാനുള്ള ശ്രമം – 10, തോക്കുമായി ബന്ധപ്പെട്ട മൂന്ന് സംഭവങ്ങള്‍, മൂന്ന് ബോംബ് ഭീഷണികള്‍ എന്നിവയുള്‍പ്പെടെ ക്രൈസ്തവരുടെ സുരക്ഷയെ ബാധിക്കുന്ന നിരവധി സംഭവങ്ങളാണുണ്ടായത്. 2022-ല്‍ ഇതേ സമയപരിധിയില്‍ എഫ്ആര്‍സി രേഖപ്പെടുത്തിയ അക്രമ സംഭവങ്ങളുടെ മൂന്നിരട്ടിയാണ് 2023-ലുണ്ടായത്.