യിസ്രായേലിന്റെ പുതിയ നീക്കത്തിൽ ആശങ്ക അറിയിച്ച്‌ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ

0

ഗസ: ഫലസ്ത്‌തീനിലെ അതിർത്തി നഗരമായ റഫയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഇസ്രായേലി സൈന്യത്തിൻ്റെ ആക്രമണ പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ കരീം ഖാൻ. തീരുമാനത്തിൽ താൻ ആശങ്കയിലാണെന്ന് കരീം ഖാൻ പറഞ്ഞു. റഫയിൽ സൈന്യം നടത്തിയ ബോംബാക്രമണത്തിലും അനധികൃതമായ നുഴഞ്ഞുകയറ്റത്തിലും താൻ വളരെയധികം ആശങ്കാകുലനാണെന്നും കരീം ഖാൻ ഊന്നിപ്പറഞ്ഞു.

ഗസ സംബന്ധിച്ച വിഷയത്തിൽ ഫലസ്തീനിൽ സജീവമായ അന്വേഷണം നടക്കുന്നുണ്ടെന്നും റോം ചട്ടപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയെന്ന ലക്ഷ്യമാണ് അന്വേഷണത്തിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.’എല്ലാ യുദ്ധങ്ങൾക്കും നിയമങ്ങളുണ്ട്. സായുധ സംഘട്ടനത്തിന് ബാധകമായ നിയമങ്ങളെ പൊള്ളയായോ അർത്ഥരഹിതമായോ വ്യാഖ്യാനിക്കാൻ കഴിയില്ല. റാമല്ലയിൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉയർന്നുവന്നത് മുതൽ ഇത് തന്നെയാണ് ഞാൻ പറയുന്നത്,’ കരീം ഖാൻ എക്സിൽ കുറിച്ചു.
റഫയിലെ ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ ഗസയിലെ ആശുപത്രികൾക്ക് കഴിയുന്നില്ലെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

You might also like