സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് നിയന്ത്രിക്കാന്‍ സുപ്രീംകോടതി
സ്വകാര്യ ആശുപത്രികളിലെ അതിഭീമമായ ചികിത്സാനിരക്ക് നിയന്ത്രിക്കാൻ സുപ്രീം കോടതിയുടെ ഇടപെടല്‍. കേന്ദ്ര സർക്കാർ ഒരു സ്റ്റാൻഡേർഡ് നിരക്ക് നിശ്ചയിക്കണമന്ന് നിർദേശം നല്‍കി.
സ്വകാര്യ-സർക്കാർ ആശുപത്രികളിലെ നിരക്കുകള്‍ താരതമ്യം ചെയ്തുകൊണ്ടാണ് കോടതിയുടെ നിർദേശം. പരിഹാരം കണ്ടില്ലെങ്കില്‍ സെൻട്രല്‍ ഗവ. ഹെല്‍ത്ത് സ്കീമില്‍ (സി.ജി.എച്ച്.എസ്) നിഷ്ക്കർഷിക്കുന്ന ചികിത്സാനിരക്ക് ഏർപ്പെടുത്താൻ ഉത്തരവിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.
സർക്കാർ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്ക് 10000 രൂപ വരെ ചെലവാകുമ്ബോള്‍, സ്വകാര്യ ആശുപത്രികളില്‍ 30000 മുതല്‍ 140000 വരെയാകുമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആരോഗ്യ സംരക്ഷണം
മൗലികാവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാന ആരോഗ്യസെക്രട്ടറിമാരുമായി കൂടിയാലോചിച്ച് ഒരുമാസത്തിനകം വിജ്ഞാപനമിറക്കണം. ചികിത്സാനിരക്ക് വിഷയത്തില്‍ സംസ്ഥാന സർക്കാരുകള്‍ക്ക് പലതവണ കത്തയച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്ന് കേന്ദ്രസർക്കാർ മറുപടി നല്‍കി.
പൗരന്റെ ഭരണഘടനാവകാശവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേന്ദ്രസർക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി നിലപാടെടുത്തു. ഏപ്രില്‍ ആറിന് വിഷയം വീണ്ടും പരിഗണിക്കും.
സർക്കാർ – സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്കിലെ ഭീമമായ വ്യത്യാസം ചൂണ്ടിക്കാട്ടി വെറ്ററൻസ് ഫോറം ഫോർ ട്രാൻസ്പെരൻസി ഇൻ പബ്ലിക് ലൈഫ് എന്ന സന്നദ്ധസംഘടന സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. 2012ലെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് റൂള്‍സ് പ്രകാരം ചികിത്സാ നിരക്ക് ഏർപ്പെടുത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.
ശസ്ത്രക്രിയകള്‍ക്ക് അതിന്റെ സങ്കീർണതകള്‍ അടക്കം പരിഗണിച്ച് നിരക്ക് ഈടാക്കാം. സ്റ്റാൻഡേർഡ് നിരക്ക് തീരുമാനിക്കാൻ സംസ്ഥാന സർക്കാരുകള്‍ സഹകരിക്കുന്നില്ലെങ്കില്‍ കേന്ദ്രസർക്കാർ അധികാരം ഉപയോഗിച്ച് ചികിത്സാഫീസ് നിശ്ചയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.