സംസ്ഥാനത്തിന്റെ രക്ഷ ദൈവവചനത്തിൽ: ബൈബിൾ റിലേ പാരായണത്തിന് ഒക്ലഹോമയില്‍ തുടക്കം

0

ഒക്ലഹോമ സിറ്റി: സംസ്ഥാനത്തിന്റെ രക്ഷ ദൈവവചനത്തിലാണെന്ന് രാഷ്ട്രീയക്കാരെ ഓർമ്മപ്പെടുത്താൻ ബൈബിൾ റിലേ പാരായണത്തിന് ഒക്ലഹോമ സംസ്ഥാനത്തെ കാപ്പിറ്റോളിൽ തുടക്കമായി. ആദിയിൽ ദൈവം ആകാശവും ഭൂമിയെ സൃഷ്ടിച്ചു എന്ന ഉല്പത്തി പുസ്തകത്തിലെ വചനത്തോടുകൂടിയാണ് റിലേ പാരായണത്തിന് തുടക്കമായത്. വചന പ്രഘോഷകയായ കരോൾ അൺസെലാണ് ഈ വചനഭാഗങ്ങൾ വായിച്ച് വിശുദ്ധ ഗ്രന്ഥ പാരായണത്തിന് തുടക്കമിട്ടത്. 90 മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന റിലേ പാരായണം നാളെ മാർച്ച് 13 ബുധനാഴ്ച അവസാനിക്കുമെന്ന് കരുതപ്പെടുന്നു. ഇന്ത്യാന സംസ്ഥാനത്തെ ബ്രസീൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഡ്ലൈൻ ഇൻറർനാഷണൽ എന്ന സംഘടനയുടെ കാപ്പിറ്റോൾ ബൈബിൾ റീഡിങ് മാരത്തൺ എന്ന മിനിസ്ട്രിയാണ് ബൈബിൾ പാരായണം സംഘടിപ്പിക്കുന്നത്.

ബൈബിൾ റിലേ പാരായണങ്ങൾ സംഘടിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തെതാണ് ഒക്ലഹോമയെന്നും, വാഷിംഗ്ടൺ ഡിസിയിൽ നിരവധി തവണ ഇത് നടത്തിയിട്ടുണ്ടെന്നും, മിനിസ്ട്രിയുടെ ദേശീയ അധ്യക്ഷനായ ജോൺ ബവാർ പറഞ്ഞു. 15 മിനിറ്റ് വീതം ബൈബിൾ വായന നടത്താനായി 360 സ്ലോട്ടുകൾ ഉണ്ടായിരുന്നതിൽ ഭൂരിഭാഗം സ്ലോട്ടുകളിലേക്ക് ഇതിനോടകം തന്നെ ആളുകൾ പേരുകൾ നൽകിയത് നല്ലൊരു അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവവചനത്തെ തിരികെ നിയമസഭാ മന്ദിരത്തിൽ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ബവാർ വിശദീകരിച്ചു.

നമ്മുടെ രാജ്യം എന്തെങ്കിലും വിധത്തിലുള്ള മാറ്റം കാണാൻ വേണ്ടി പോകുന്നുണ്ടെങ്കിൽ അത് ദൈവം മൂലം ആയിരിക്കുമെന്ന് ആത്മാർത്ഥമായി പറയുകയാണെന്ന് ചടങ്ങിൽ സംസാരിച്ച യുകൂണിലെ ഹാർവെസ്റ്റ് ഹിൽസ് ബാപ്റ്റിസ്റ്റ് സമൂഹത്തിന്റെ പാസ്റ്റർ ജയ്സൺ ശിർക്ക് പറഞ്ഞു. പ്രത്യാശ ദൈവവചനത്തിൽ ആണെന്ന് കാപ്പിറ്റോൾ കെട്ടിടത്തിന്റെ പടികളിൽ നിന്നുകൊണ്ട് രാഷ്ട്രീയക്കാരെയും, സംസ്ഥാനത്തെയും ഓർമ്മപ്പെടുത്താൻ തങ്ങൾ ശ്രമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like