പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദേശം.
തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദേശം. ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി ഇന്ന് മുതല്‍ എത്തണമെന്നാണ് നിര്‍ദേശം.
കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലങ്ങള്‍ ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമായി. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ആദ്യം റോഡ് ടെസ്റ്റ് പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാകുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിക്കണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായാണ് സര്‍ക്കാര്‍ പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. അത് തടസപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണം. ഹൈക്കോടതി ഉത്തരവിനെ മാനിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.