മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല; രാഷ്ട്രപതിക്ക് കത്ത് നല്‍കിയെന്ന് ഗവര്‍ണര്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനം തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രി വിദേശത്ത് പോയതിനെക്കുറിച്ച് തനിക്കറിയില്ല. മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതിനു നന്ദിയുണ്ട്. മുഖ്യമന്ത്രി മുമ്പ് വിദേശത്തു പോയപ്പോഴും തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങളെക്കുറിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാന്‍ താനില്ലെന്നും ആനന്ദ ബോസ് തന്നെ സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.