ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും; രണ്ട് മരണം,23 പേര്‍ക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റില്‍ രണ്ട് മരണം. കാറ്റില്‍ മരം വീണാണ് അപകടം. കാറ്റിലും ശക്തമായ പൊടിക്കാറ്റിലും വിവിധ സ്ഥലങ്ങളിലായി 23 പേര്‍ക്ക് പരിക്കേറ്റു. മിന്നലിന്റെയും മഴയുടെയും അകമ്പടിയോടെയുള്ള ശക്തമായ പൊടിക്കാറ്റാണ് ഇന്നലെ രാത്രിയുണ്ടായത്.
ഡല്‍ഹി, ലോനി ദേഹത്ത്, ഹിന്‍ഡന്‍ എയര്‍ഫോഴ്സ് സ്റ്റേഷന്‍, ഗാസിയാബാദ്, ഇന്ദിരാപുരം, ഛപ്രൗള, നോയിഡ, ദാദ്രി, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, മനേസര്‍, ബല്ലഭ്ഗഡ്, ഗൊഹാന, ഗന്നൗര്‍, സോനിപത്, റോഹ്തക്, ഖാര്‍ഖോഡ എന്നിവിടങ്ങളിലാണ് കാറ്റും മഴയും ശക്തമായത്.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു.
മണിക്കൂറില്‍ 50-70 കിലോമീറ്റര്‍ വേഗതയിലാണ് ശക്തമായ കാറ്റ് ആഞ്ഞുവീശിയത്. രണ്ട് ദിവസങ്ങളില്‍ കൂടി ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.