ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി) യുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിങ്കളാഴ്ച കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോടും കേന്ദ്രസർക്കാരിനോടും ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കുന്ന സിബിഐയോടും ആവശ്യപ്പെട്ടിരുന്നു.
ക്രമക്കേട് ഏതാനും സെന്ററുകളിൽ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും വ്യാപക ചോർച്ച നടന്നിട്ടില്ലെന്നും എൻടിഎ കോടതിയിൽ ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ച വ്യാപകമായി നടന്നിട്ടുണ്ടെങ്കിൽ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്ന് തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ വ്യാപ്തി മനസിലാക്കിയശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, മെഡിക്കൽ പ്രവേശനത്തിനുള്ള കൗണ്‍സലിംഗ് ആരംഭിക്കുന്നതു സംബന്ധിച്ച കാര്യത്തിൽ ഇന്നു കോടതി നിലപാട് വ്യക്തമാക്കും.