നിങ്ങൾ പറയുന്നഒരുകാര്യം വളരെ ശരിയാണ് നിങ്ങളുടെ മതത്തിൽനിന്നും ആളുകൾ ഞങ്ങൾക്കൊപ്പം കൂടുന്നു, നിങ്ങൾ അതിനെ മതപരിവർത്തനം എന്ന് പറയുമ്പോൾ ഞങ്ങൾ അതിനെ “മനപ്പരിവർത്തനം” എന്ന് വിളിക്കുന്നു. ഈ ഒഴുക്കുകൾ എന്തുകൊണ്ട് നടക്കുന്നു എന്നും എന്തിനു നടക്കുന്നുവെന്നും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ഞങ്ങൾ ആയുധംകൊണ്ടോ ഭീഷണികൊണ്ടോ മോഹനവാഗ്ദാനങ്ങൾ കൊണ്ടോ ആരെയും വശികരിക്കുകയോ കീഴ്പ്പെടുത്തുകയോ ചെയ്യുന്നില്ല എന്നിട്ടും എന്തേ ഇങ്ങനെ?!!
നിങ്ങളുടെ മറ്റൊരു ആരോപണം നിങ്ങളുടെ ആളുകൾ നിങ്ങളുടെ പൈതൃകം വിട്ടുപോകുന്നു എന്നാണ്,
എങ്കിൽ പറയു എന്തായിരുന്നു ആപൈതൃകം?
അതൊരു അമൂല്യമായ കാര്യമായിരുന്നുഎങ്കിൽ എന്തുകൊണ്ട് ആളുകൾ അവിടെ നിന്ന് പടിയിറങ്ങുന്നു?
മനുഷ്യനെ മനസ്സിലാക്കുകയും അവന്റെ അംഗീകാരങ്ങളും അവകാശങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും മറ്റ് അനുഗ്രഹങ്ങളും അവിടെ നിന്ന് ലഭിക്കുന്നുവെങ്കിൽ എന്തിനു അവർ അവിടം ഉപേക്ഷിക്കുന്നു?
അപ്പോൾ ഞങ്ങളുടെ അടുക്കൽ അമൂല്യമായതു എന്തോ ഉണ്ടല്ലോഅതുകൊണ്ടായിരിക്കില്ലേ അതല്ലേ ഞങ്ങളുടെ അടുക്കലേക്ക് ആളുകൾ ഓടിവരുന്നത്?
അടിസ്ഥാനപരമായി നോക്കിയാൽ സ്നേഹിക്കപ്പെടാനും സ്നേഹിക്കുവാനും ആഗ്രഹിക്കുന്നവരാണ് എല്ലാ മനുഷ്യരും, സമാധാനവും സന്തോഷവും സുരക്ഷിതത്വവും എവിടെ ലഭിക്കുമോ അവിടേക്കു ചായുന്നവനാണ് മനുഷ്യൻ.
ഇനി പറയു എന്താണ് നിങ്ങൾ പറയുന്ന ആ പൈതൃകം?
മനുഷ്യനെ വർഗ്ഗങ്ങളായിതിരിച്ചിട്ട് അതിന്റെ അടിസ്ഥാനത്തിൽ ആധിപത്യവും അവകാശങ്ങളും ആവോളം അനുഭവിക്കുന്ന ഒരു വിഭാഗവും, അവരുടെ താല്പര്യങ്ങൾക്ക് വിധേയപ്പെട്ട് സ്വന്തം മൂല്യങ്ങളും സ്വപ്നങ്ങളും കാറ്റിൽപ്പറത്തി വെറും പാഴ്ജന്മങ്ങളായി ജീവിക്കുന്ന മറ്റൊരു വർഗ്ഗവും,വീടും വിളക്കും വസ്ത്രവും വീട്ടുപകരണങ്ങളും വഴിയും തൊഴിലും ഇല്ലാതെ മാന്തോലും മരവുരിയും ധരിച്ചു മരത്തിലും മലയിലും ഗുഹയിലും വള്ളികുടിലുകളിലും വസിച്ചിരുന്ന ആ അപരിഷ്കൃത ജീവിത സാഹചര്യവും, ജാതിതിരിച്ചുള്ള സത്യപരീക്ഷ എന്ന കിരാത ശിക്ഷവിധികളും, രക്തബന്ധങ്ങൾ തമ്മിലുള്ള വിവാഹബന്ധങ്ങളും ഭർത്താവ് മരിച്ചാൽ അയാളെ ദഹിപ്പിക്കുന്ന അതേ ചിതയിൽ ചാടി ആത്മഹൂതി ചെയ്യാൻ വിധിക്കപ്പെട്ട ഹതഭാഗ്യകളുടെയും , ബാല്യകാലത്തിന്റെ നിഷ്കളങ്കതയും കളിയും ചിരിയും വിട്ടുമാറാത്ത പിഞ്ചു പെൺകുഞ്ഞുങ്ങളുടെ ബാലവിവാഹവും,ആധാർമികതയുടെ അഴിഞ്ഞാട്ട വേദിയായിരുന്ന ബഹുഭാര്യത്വമെന്ന ഉച്ചനീചത്വത്തിന്റെയും, സ്ത്രീ വെറും ഉപഭോഗ വസ്തുവാണെന്നു ധരിപ്പിച്ചു അവളെ കാൽകീഴിട്ടു ചവുട്ടിയരച്ച് അവളുടെ നാണിടങ്ങൾ മറക്കാൻ അനുവദിക്കാതെയും, കണ്ണിൽ കണ്ടതിനെല്ലാം കരുണയില്ലാതെ കരം വിധിച്ച് കാശുണ്ടാക്കിയ കാപാലികരുടെ കാലം, മനസ്സിലെ ആഗ്രഹങ്ങളും ആശയങ്ങളും പങ്കുവെക്കുവാൻ അക്ഷരങ്ങളോ അറിവോ ഇല്ലാതെ പാറയിലും പറമ്പിലും പടം വരച്ച് കാണിച്ച് ആശയങ്ങൾ കൈ മാറിയിരുന്ന ആ ഇരുണ്ട കാലഘട്ടം,
വേദങ്ങൾ കേട്ടാൽ കേട്ടചെവിയിൽ ഈയം ഉരുക്കിയൊഴിച്ചിരുന്ന, വേദം പറഞ്ഞാൽ നാവ് പിഴുതെടുത്തിരുന്ന ഒരുകാലം, കെട്ടുകഥകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് മനസാക്ഷി മരവിച്ചിരുന്നകാലം, ഇതൊക്കെയായിരുന്നോ ആ പൈതൃകം?
ഇനിയുമുണ്ട് ചോദിക്കാനേറേ ഉത്തരമെല്ലാം ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ആക്രോശങ്ങളും അഹങ്കാരങ്ങളും മാത്രമായിരിക്കുമെന്നറിയാം എങ്കിലും ചോദിക്കുന്നു ചരിത്രബോധത്തിൽ നിന്നും ശുദ്ധമനസാക്ഷിയിൽ നിന്നും സത്യത്തിന്റെ മെതിയടിയിൽ നിന്നുകൊണ്ടും സർവ്വപ്രപഞ്ച നാഥനായ എന്റെയും നിങ്ങളുടെയും സൃഷ്ഠാവായ സർവ്വേശ്വരനെ സാക്ഷിയാക്കി പറയാമോ എന്താണ് ഞങ്ങൾ ചെയ്ത ദ്രോഹം, എന്തിനാണ് ഞങ്ങളെ പീഡിപ്പിക്കുന്നത്?
നിങ്ങൾ പറയു.
ആദിവാസി ചേരിവാസി കറുത്തവൻ വെളുത്തവൻ പണമുള്ളവൻ ഇല്ലാത്തവൻ പണ്ഡിതൻ പാമരൻ പുരുഷൻ സ്ത്രീ പ്രായമുള്ളവർ പ്രായമില്ലാത്തവർ എന്നിങ്ങനെ വേർതിരിവില്ലാതെ അവരുടെ ജീവിത വിജയത്തിനും ആരോഗ്യത്തിനും മൂല്യങ്ങൾക്കും കൂട്ടുനിന്നതും അവന്റ ദുഖങ്ങളിൽ കണ്ണീരൊപ്പിയതും ആവശ്യങ്ങളിൽ പറ്റുന്ന സഹായങ്ങൾ ചെയ്തതും, ചീഞ്ഞുപഴുത്ത് പുഴുവരിച്ചുകിടന്ന മനുഷ്യരെ അറപ്പും വെറുപ്പും ഇല്ലാതെ നഗ്ന കരങ്ങൾക്കൊണ്ട് പരിചരിച്ചു ആശ്വസിപ്പിച്ചു ആഹാരം വാരികൊടുത്തു ജീവിതത്തിലേക്ക് മടക്കികൊണ്ട് വന്നത്, സകല മനുഷ്യരും ഈ ഭൂമിയുടെ അവകാശികളാണെന്നു ലോകത്തോട് വിളിച്ചുപറഞ്ഞതും, നര ഭോജികളെ നര സ്നേഹികളാക്കിയതും അവരിൽ പലരെയും ലോകത്തിന്റെ നെറുകയിൽ എത്തിച്ചതും, മതവർഗ്ഗ മേലാളന്മാർ അന്ധവിശ്വാസത്തിൽ തളച്ചിട്ടിട്ടു അക്ഷര അഭ്യാസത്തിനു നെടുകെ വിലങ്ങുതടിയായി നിന്ന് വ്യാജങ്ങൾ വാമൊഴിയായി പകർന്നു മനുഷ്യരെ വഞ്ചിച്ചപ്പോൾ സ്വന്ത ജീവനും അവകാശങ്ങളും തൃണവൽക്കരിച്ചുകൊണ്ട് അക്ഷരമെന്ന അമൂല്യ നിധിയെ പകർന്നുതന്നത്, അരയും മാറും മറക്കാൻ വസ്ത്രവും ആരോഗ്യം സൂക്ഷിക്കാൻ ആശുപത്രിയും ഉപജീവനത്തിന് കൈതൊഴിലും അതിന്റെ പരിശീലനവും നൽകിയത്, വിശുദ്ധ വേദപഠനത്തിലൂടെ ധാർമീകതയും ധർമ്മവും എന്തെന്നും മനുഷ്യനും മനസാക്ഷിയും എന്താണെന്നും,മരണവും മരണശേഷവും എന്താണെന്നും പഠിപ്പിച്ചത് എല്ലാമെല്ലാം ഒരു തെറ്റാണോ?
അക്ഷരങ്ങൾക്കൊപ്പം അച്ചടിയന്ത്രവും അതോടെ പത്രവും സാഹിത്യങ്ങളും വ്യാകരണങ്ങളും നിഘണ്ടുവും സാക്ഷരതയും പൊതുവിദ്യാഭ്യാസവും പള്ളിക്കൂടങ്ങളും കോളേജും യൂണിവേഴ്സിറ്റിയും, ലോകത്തോട് സംസാരിക്കുവാൻ ഇംഗ്ലിഷും ജീവിത മാർഗ്ഗത്തിനും ധന ശേഖരണത്തിനും ഫാക്ടറികളും,റോഡുകളും ഡാമുകളും കോൺക്രീറ്റു പാലങ്ങളും നൂതന ചികിത്സ സമ്പ്രദായങ്ങളും അങ്ങനെ വിലപ്പെട്ട ഇന്നിന്റെ പലതും നിങ്ങൾക്കും എനിക്കും ലഭിച്ചത് എവിടെ നിന്ന് ആരിൽ നിന്ന്?
നിങ്ങൾ പറയു ആരാണ് മലയാളത്തിൽ ആദ്യ നാടകം രചിച്ചത്,
ആദ്യത്തെ നോവൽ രചിച്ചത്, ആദ്യത്തെ യാത്ര വിവരണം എഴുതിയത്, ആദ്യത്തെ അലങ്കാര ശാസ്ത്ര സാഹിത്യങ്ങളും ആദ്യത്തെ ഇന്ത്യൻ ജേണൽ മാസികയും ബാലസാഹിത്യവും, പത്രവും പരിഭാഷ ഗ്രന്ഥവും, രചിച്ചത് , ഏഷ്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി ആരുടേതാണ് പ്രദേശികഭാഷകൾക്ക് രൂപവും ഭാവവും ലിപിയും ഉണ്ടാക്കിയതാരാണ്, വെറും ഗ്രാമവാസികൾ പട്ടണ വാസികൾ ആയതു എങ്ങനെയാണു?
ഞാൻ ഇങ്ങനെ ചോദിച്ചുകൊണ്ടിരുന്നാൽ പി എസ് സി പരീക്ഷയുടെ ചോദ്യങ്ങൾ പോലെയാകുമെന്നറിയാം.,
എങ്കിലും കുറഞ്ഞപക്ഷം നിങ്ങൾ ഇവരെക്കുറിച്ചൊന്നു അറിയണം അന്വഷിക്കണം, വില്ല്യം കേരി, ബഞ്ചമിൻ ബെയിലി, ഹെർമ്മൻ ഗുണ്ടർട്ട്, അർനോസ് പാതിരി, ബേക്കർ, ഫെൻ, റവ:മീഡ്,
സർ അലക്സാൻഡർ, ഡാസൺ, റോബർട്ട് ഡ്രമ്മണ്ട്, ഫാദർ ജെറാൾഡ്, ഫാദർ ക്ലെമന്റ്, ടി പ്ളേറ്റെ ജോൺ, ഫാദർ സി ബുൾക്കേ, ടി ജെ തോംസൺ, ജെ എ അയ്ടെൻ, ജെ ന്യൂട്ടൻ, സർ വില്ല്യം ജെറാൾഡ്, ബെഞ്ചമിൻ ഷൂട്ട്സ്, റോബർട്ട് കാർവെൽ, ഫാദർ ബർതോലമായി,
ഗ്രഹാം സ്റ്റെയിൽസ്, മദർ തെരസ, തദ്ദേശിയരായ പണ്ഡിത രമാബായി ജോർജ് മാത്തൻ, ആർച്ച് ഡീക്കൻ കോശി, പുള്ളെലികുഞ്ചു,….
ഇങ്ങനെ തുടരുന്നു മേൽ പറഞ്ഞ സമൂഹ നന്മകൾക്കായി ചുക്കാൻ പിടിച്ച വീര മനുഷ്യർ.
അവർ അവരുടെ ജീവനും ജീവിതവും പണവും കഴിവും സമയവും ഈ മണ്ണിന്റെ ഉയർച്ചക്കുവേണ്ടി ചിലവഴിച്ചവരാണ്, അവർക്കു സ്വന്തം നാടും നഗരവും പ്രീയപ്പെട്ടവരും നഷ്ട്ടമായി,
മണിശങ്കർ അയ്യർ എന്ന ചരിത്രമനുഷ്യൻ “കൺഫെക്ഷൻസ് ഓഫ് എ സെക്കുലർ ഫണ്ടമെൻറ്റലിസ്റ്റ് “എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് ഗോത്ര വർഗ്ഗക്കാരുടെ ഇടയിലും അല്ലാതെയുള്ള ഇന്ത്യയിലെ എല്ലായിടത്തും ക്രൈസ്തവ മിഷനറിമാർ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്, ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജ് സെന്റ് കൊളമ്പസ് സ്കൂൾ, മുംബയിലെ സോഫിയ വിമൻസ് കോളേജ് കത്തിഡ്രൽ സ്കൂൾ, കൽക്കട്ടയിലെ സെന്റ് സേവിയർ കോളേജ്, ചെന്നൈയിലെ ലയോള, റാഞ്ചിയിലെ സെന്റ് സേവിയേഴ്‌സ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം എനിക്ക് വളരെ സുപരിചിതമാണ്, ചിലഉദാഹരങ്ങളുമാണ് എന്ന്,,
ഇതുപോലെ പറയാൻ ആയിരം അല്ല എണ്ണമറ്റ കാര്യങ്ങൾ ഇനിയുമുണ്ട് പക്ഷെ നിങ്ങൾ അതൊക്കെ വളച്ചൊടിക്കുന്നു ചരിത്രത്തെയും അതിന്റെ രേഖകളെയും നശിപ്പിക്കുന്നു…
കേരള ചരിത്ര രചിതാക്കളായ എ ശ്രീധരമേനോൻ, വേലായുധൻ പണിക്കശേരി, എൻ സത്യദാസ്, കെ ദാമോദരൻ തുടങ്ങിയ എണ്ണമറ്റ പണ്ഡിതരുടെ പുസ്തകങ്ങളല്ലേ നിങ്ങൾ പഠിച്ചത്,?
നിങ്ങൾക്ക് ആശയങ്ങളില്ലാത്തതിനാൽ ആയുധം കൊണ്ടും ആക്രോശങ്ങൾ കൊണ്ടും അഹങ്കാരവും അധികാര ബലം കൊണ്ടും അതുല്യമായ പലതിനെയും നശിപ്പിക്കുകയാണ് ….
ഇത്രയും പറഞ്ഞത് നിങ്ങളെ പ്രകോപിപ്പിക്കാനല്ല ഒരാളെങ്കിലും ഇങ്ങനെ കൂടി മനസാന്തരപ്പെടുമെങ്കിൽ എന്നോർത്താണ്,
എന്തൊക്കെ ആയാലും നിങ്ങൾ ഇനിയും ഞങ്ങളെ ആക്രമിക്കും ഇപ്പോൾ ചെയ്തതിലധികം ചെയ്യുകയും ചെയ്യും, നിങ്ങളിൽ പലരും കാര്യങ്ങളറിയാതെ കലാപമുണ്ടാക്കുന്നവരാണ്, നിങ്ങൾ ആരുടെയൊക്കെയോ കളിപ്പാവകൾ മാത്രം, ഒടുവിൽ താങ്കളുടെ ഗതി എന്താകും??
എന്തായാലും ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, കാരണം ഞങ്ങളുടെ ഗുരു അതാണ് പഠിപ്പിച്ചത്,
ഒരു ചെക്കിട്ടത്തു അടിക്കുന്നവന് മറുചെകിടും, ശത്രുവിനു വിശക്കുന്നു എങ്കിൽ ആഹാരവും കൊടുക്കാൻ ഞങ്ങൾ തയ്യാറാണ്,.
നിങ്ങൾ രാഷ്ട്രീയപരമായും മതപരമായും നിയമപരമായും ഞങ്ങളെ നേരിടും ഒടുവിൽ ആയുധവും ഞങ്ങൾക്കെതിരെ പ്രയോഗിക്കും പക്ഷെ ഞങ്ങൾ ഒരടി പിന്മാറില്ല പിന്മാറാനാകില്ല.. ഞങ്ങൾ കണ്ടെത്തിയ സത്യം മരണത്തിനപ്പുറം മറ്റൊരു ജീവിതമുണ്ടെന്നുള്ളതാണ്, ചെയ്ത പ്രവർത്തികളുടെ പ്രതിഫലം വാങ്ങുന്ന ഒരു ദിനം ഉണ്ടെന്നുള്ളതാണ്, 2021 വർഷങ്ങളായി ഞങ്ങൾ ആക്രമിക്കപ്പെടുന്നു എന്നിട്ടും ഓരോ തുള്ളിച്ചോരയിൽ നിന്നും ഒരായിരംപേർ ഓരോ നിമിഷവും എഴുന്നേൽക്കുകയാണ്,
അതുകൊണ്ട് നിങ്ങൾ ഞങ്ങളെ ആക്രമിക്കു ഞങ്ങൾ ഇവിടെ പെരുകട്ടെ…..
സ്നേഹ പൂർവ്വം
സജോ തോണിക്കുഴിയിൽ.