കുട്ടികളിലെ മാനസിക പിരിമുറുക്കം കാണാതിരിക്കരുത്

0

കോവിഡിന് മുമ്ബുള്ള കാലം. ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു അവന്‍. പഠിക്കുന്നത് നാട്ടിലെ ഒരു സാധാരണ എയ്ഡഡ് സ്‌കൂളില്‍. പഠനത്തില്‍ ശരാശരിയില്‍ താഴെ മാത്രം നിലവാരം പുലര്‍ത്തിയിരുന്നതിനാലാണ് മാതാപിതാക്കള്‍ അവനെ സി.ബി.എസ്.ഇ സ്‌കൂളില്‍ ചേര്‍ക്കാതിരുന്നത്. പക്ഷേ ഈ സ്‌കൂളിലും അവന് കടുത്ത അവഗണനയാണ് അധ്യാപകരില്‍ നിന്നു നേരിടേണ്ടി വന്നത്. മാത്രമല്ല മറ്റുകുട്ടികളുമായി അവനെ താരതമ്യപ്പെടുത്തുന്നതും പതിവായിരുന്നു. അവര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ അവന് മാര്‍ക്കു ലഭിക്കുന്നില്ല. അതോടെ താരതമ്യപ്പെടുത്തലും കുറ്റപ്പെടുത്തലുകളും കൂടി വന്നു.

എത്ര പഠിച്ചിട്ടും പലവിഷയങ്ങള്‍ക്കും ശരാശരി മാര്‍ക്കു പോലും നേടാന്‍ അവന് കഴിഞ്ഞില്ല. അതോടെ കടുത്തഅപകര്‍ഷതാബോധവും ഭീതിയും ജനിച്ചു. എന്നാല്‍ അവനെ പിടിച്ചുകെട്ടിയ പഠനവൈകല്യത്തെ ആരും തിരിച്ചറിഞ്ഞില്ല. അധ്യാപകരുടെ കുറ്റപ്പെടുത്തല്‍ കൂടിയായപ്പോള്‍ മാനസികമായി അവന്‍ തകര്‍ന്നു. ആരെയും അഭിമുഖീകരിക്കാന്‍ കഴിയാതെ ആ കുരുന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

വീട് കഴിഞ്ഞാല്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്നത് സ്‌കൂള്‍ അന്തരീക്ഷവുമായാണ്. പ്രധാനമായും അധ്യാപകരുമായി. കുട്ടിയുടെ മാനസികവികാസത്തിന്റെ ഒരു ഘട്ടം ആരംഭിക്കുന്നത് സ്‌കൂളില്‍ നിന്നാണ്. അതുകൊണ്ട് അധ്യാപകരുമായുള്ള ബന്ധം കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങളില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നു. കുട്ടികളെ തിരിച്ചറിയാതെയുള്ള അധ്യാപകരുടെ സമീപനങ്ങള്‍ അപകടരമാണ്. ഇത് കുട്ടികള്‍ പല ദുഷ്പ്രവണതകള്‍ക്കും അടിമപ്പെടാന്‍ ഇടവരുത്തുന്നു. കുട്ടികളില്‍ അമിത കോപം, അക്രമ വാസന തുടങ്ങിയവ വര്‍ധിക്കുന്നതിനും കാരണമാകുന്നു. ചില കുട്ടികളില്‍ മോഷണശീലവും ആരംഭിക്കും.

മൊബൈല്‍ ഫോണിനോട് അമിതാസക്തി

കുട്ടികളിലെ മാനസികസംഘര്‍ഷങ്ങള്‍ക്ക് മറ്റൊരു കാരണമാണ് മൊബൈല്‍ ഫോണ്‍. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ സാരമായി ബാധിക്കാനിടയുണ്ട്. എല്ലായിടത്തും സ്മാര്‍ട്ട് ഫോണുകള്‍, സ്മാര്‍ട്ട് കാറുകള്‍, സ്മാര്‍ട് ബോര്‍ഡുകള്‍ തുടങ്ങി സാങ്കേതിക വിദ്യകളെല്ലാം സ്മാര്‍ട്ടാകുന്നതോടെ ജീവിതം സ്മാര്‍ട്ടാകുന്നു. പക്ഷേ, കുട്ടികളുടെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കുന്നു. മൊബൈല്‍ ഫോണിന് അടിമയാകുമ്ബോള്‍ കുട്ടികളില്‍ മാനസിക പിരിമുറുക്കവും വര്‍ധിക്കും.

കുട്ടികളുടെ പിടിവാശി ഒഴിവാക്കാനും കരച്ചില്‍ നിര്‍ത്താനുമൊക്കെയാണ് മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്കു നല്‍കുന്നത്. അതില്‍ വീഡിയോ ഗെയിമുകളും കാര്‍ട്ടൂണ്‍ സിനിമകളും കാണിച്ച്‌ കുട്ടികളുടെ ശ്രദ്ധതിരിക്കാം. ഇനിയാണ് അപകടം. ക്രമേണ കുട്ടി മൊബൈല്‍ ഫോണിനു വേണ്ടി വാശിപിടിക്കും. ഗെയിമിനും കാര്‍ട്ടൂണ്‍ പരിപാടികള്‍ക്കുമായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടും. അത് കിട്ടിയില്ലെങ്കില്‍ കുട്ടി വാശിപിടിക്കുകയും ചിലപ്പോള്‍ അക്രമാസക്തനാവുകയും ചെയ്യും.
വലിച്ചെറിയുക, പഠനത്തില്‍ ശ്രദ്ധിക്കാതിരിക്കുക, ഭക്ഷണത്തോട് വിരക്തി കാട്ടുക തുടങ്ങിയ പലവിധത്തിലുള്ള പ്രതികരണങ്ങള്‍ മൊബൈല്‍ ഫോണിനോടുള്ള ആസക്തിമൂലം ഉണ്ടാകുന്നുണ്ട്.

നത്യജീവിതത്തില്‍ മൊബൈല്‍ ഫോണിന്റെ കടന്നുകയറ്റത്തോടെ കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ക്ലാസ് റൂം പഠനങ്ങളോടും അധ്യാപകരോടും കൂട്ടുകാരോടും രക്ഷിതാക്കളോടുമൊക്കെ ഇഷ്ടക്കേട് ഉണ്ടാകുന്നതായി കാണാം. കുട്ടി വളര്‍ച്ചയുടെ ഘട്ടത്തിലെത്തുന്നതോടെ വീഡിയോ ഗെയിമുകളില്‍ നിന്നും അശ്ലീല സൈറ്റുകളിലേക്ക് തിരിയുന്ന അവസ്ഥയും വിരളമല്ല.

പക്ഷേ മൊബൈല്‍ ഫോണ്‍ മൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടുള്ള വിഷയമാണ്. കാരണം മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയൊരു ജീവിതം നമ്മുടെ ചുറ്റുപാടില്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പ്രശ്‌നങ്ങള്‍ കുട്ടികളെ പറഞ്ഞു മനസിലാക്കി കൊടുക്കുകയും അവരെ പിന്തിരിപ്പിക്കുകയും വേണം.എന്നാല്‍ ഇത് അത്ര എളുപ്പവുമല്ല. കാരണം ശരാശരി വീടുകളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു.

കുട്ടൂകൂടാം കുട്ടികളോട്

മാതാപിതാക്കള്‍ ഇരുവരും ജോലിക്കാര്‍, അടിച്ചേല്‍പിക്കുന്ന പഠനഭാരം (പഠനത്തിലെ പിന്നാക്കാവസ്ഥ), മാതാപിതാക്കന്മാര്‍ക്കിടയിലെ കലഹം, കടുത്ത ശിക്ഷാരീതികള്‍, താരതമ്യപ്പെടുത്തല്‍, സമൂഹമാധ്യമങ്ങള്‍, മൊബൈല്‍ ഫോണ്‍, ആഗ്രഹിച്ചകാര്യം നടക്കാതെ വരിക, കുടുംബം, സ്‌കൂള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍, സാമൂഹ്യസാഹചര്യം തുടങ്ങി നിരവധി ഘടകങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ബന്ധപ്പെട്ടു കിടക്കുന്നതാണ് കുട്ടികളുടെ ബൗദ്ധിക, മാനസിക, വൈകാരിക, നൈതിക വളര്‍ച്ച. അതുകൊണ്ടുതന്നെ ഈ വസ്തുതകളെല്ലാം കണക്കിലെടുത്തു വേണം കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യാന്‍. കുട്ടികളിലെ മാനസികസംഘര്‍ഷം ലഘൂകരിക്കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും എളുപ്പം ചെയ്യാന്‍ കഴിയുന്ന ചില നിര്‍ദേശങ്ങള്‍.

1. കാര്‍ക്കശ്യക്കാരായിരിക്കാതെ മാതാപിതാക്കള്‍ മക്കളുടെ കൂട്ടുകാരായിരിക്കുക. അവരുടെ നല്ല കേള്‍വിക്കാരാവുക. മക്കളുടെ കൊച്ചു കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളും മാതാപിതാക്കള്‍ അറിയണം. അല്ലാത്തപക്ഷം കൂട്ടുകാരോടും പരിചയക്കാരോടും അവര്‍ സ്വകാരങ്ങള്‍ പങ്കുവയ്ക്കും. ഇത് അപകടം ക്ഷണിച്ചുവരുത്തും.

2. ഭയത്തെ അഭിമൂഖീകരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക. അല്ലെങ്കില്‍ ഭയം പലപ്പോഴും മാനസിക സംഘര്‍ഷമായി മാറാം. മാത്രമല്ല, ഭയം ഉണ്ടാകാന്‍ സാധ്യതയുള്ള അവസ്ഥകള്‍ അവര്‍ സ്വയം ഒഴിവാക്കാന്‍ ശ്രമിക്കും.
ഇതിന്റെ ഫലമായി ഭയം കുട്ടികളില്‍ നിലനില്‍ക്കും. ഭയത്തെ അഭിമുഖീകരിക്കാന്‍ പരിശീലിപ്പിക്കുന്നതിലൂടെ കാലക്രമേണ ഭയം കുട്ടികളില്‍ നിന്നും അകലുന്നതായും അത്തരത്തില്‍ വരാന്‍ സാധ്യതയുള്ള മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കാന്‍ സാധിക്കുകയും ചെയ്യും.

3. അപൂര്‍ണനാകുന്നത് ശരിയാണെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കി കൊടുക്കുക. മക്കള്‍ സ്‌കൂളില്‍ പഠന പാഠ്യേതര വിഷയങ്ങളില്‍ ഒന്നാമനാകണമെന്ന് വാശിയുണ്ടോ? കുട്ടി പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും പിന്നോട്ടു പോകുമ്ബോള്‍ അവര്‍ മാനസിക പിരിമുറുക്കം അനുഭവിക്കാറുണ്ടോ? എങ്കില്‍ കുട്ടികള്‍ കുട്ടികളാണെന്നും തോല്‍വികളും അപൂര്‍ണതകളും അംഗീകരിക്കാനും സ്വീകരിക്കാനും കുട്ടികളെ നിങ്ങള്‍ പ്രാപ്തരാക്കേണ്ടതുണ്ട്. തോല്‍വികള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും തോല്‍വികളിലൂടെ മാത്രമേ ജീവിതവിജയമുണ്ടാകൂ എന്നും മനസിലാക്കിക്കൊടുക്കുക

4. കുട്ടികളില്‍ പോസിറ്റീവ് ചിന്താഗതികള്‍ വളര്‍ത്തുക. പലതവണയുള്ള തോല്‍വികളും വിമര്‍ശനങ്ങളും കുട്ടികളെ നെഗറ്റീവ് ചിന്തകളിലേക്ക് തള്ളിവിടാം. എന്നാല്‍ എല്ലാ വീഴ്ചകളെയും പോസിറ്റീവായി കാണാന്‍ കുട്ടികളെ പരിശീലിപ്പിക്കാം. ഒരു വഴിയടയുമ്ബോള്‍ മറ്റൊരു വഴി തുറക്കുമെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്താം. ജീവിതം തുറന്ന മനസോടെ കാണാന്‍ അവരെ പ്രോത്സാഹിപ്പിക്കാം. ഒരു പരിധിവരെ പ്രചോദനാത്മക പ്രസംഗങ്ങള്‍ കേള്‍ക്കുന്നതോ അത്തരം പുസ്തകങ്ങള്‍ വായിക്കാന്‍ ശീലിപ്പിക്കുന്നതോ കുട്ടികളില്‍ പോസിറ്റീവ് ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.

5. തുറന്ന സ്ഥലങ്ങളില്‍ കളിക്കുന്നതിന് അവസരമൊരുക്കണം. തുറസായ സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും കുട്ടികളുടെ മാനസികോല്ലാസത്തിന് പരമപ്രധാനമായ കാര്യമാണ്. അവധി ദിനങ്ങളില്‍ പാര്‍ക്കിലോ ബീച്ചിലോ കുട്ടികളെ കൊണ്ടുപോവുക.

6. എല്ലാ കാര്യങ്ങളിലും ഒരാള്‍ക്ക് വിജയിക്കാന്‍ കഴിയില്ലെന്നത് കുട്ടികളെ ബോധ്യപ്പെടുത്തി കൊടുക്കുക. എടുക്കാന്‍ കഴിയുന്ന ഭാരം മാത്രം എടുത്തുവെയ്ക്കാന്‍ അവരെ മാനസികമായി പ്രാപ്തരാക്കുക. ഓരോ കുട്ടിക്കും ഓരോ തരത്തിലുള്ള കഴിവുകളാണുള്ളതെന്ന ബോധ്യം അവരില്‍ ജനിപ്പിക്കുക.

7. എല്ലാത്തിനും ഉപരിയായി മാനസിക സംഘര്‍ഷത്തിന്റെ കാരണങ്ങള്‍
കണ്ടെത്തുകയും ആ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും വേണം. ചിലപ്പോള്‍ സ്‌ട്രെസ് വളരെ കഠിനമായിരിക്കാം. അത്തരം സാഹചര്യങ്ങളില്‍ ആവശ്യമെങ്കില്‍ മിക്ക സൈക്യാര്‍ട്ടിസ്റ്റുകളുടേയോ സൈക്കോളജിസ്റ്റുകളുടേയോ സേവനം തേടുന്നത് നന്നായിരിക്കും.

കടപ്പാട്:
ഗീതു ചന്ദ്രകാന്ത്,
ലൈഫ് കണ്‍സള്‍ട്ടന്റ്

You might also like