തലകീഴായ കുരിശ്, സോളില്‍ യഥാര്‍ത്ഥ മനുഷ്യരക്തം, 666: ‘സാത്താന്‍ ഷൂ’ അവതരിപ്പിച്ച അമേരിക്കന്‍ റാപ്പര്‍ക്കെതിരെ വ്യാപക പ്രതിഷേധം

0

ന്യൂയോര്‍ക്ക്: തന്റെ പുതിയ മ്യൂസിക് വീഡിയോയുടെ പ്രചാരണത്തിന്റെ ഭാഗമായി മനുഷ്യ രക്തമടങ്ങിയ ‘സാത്താനിക ഷൂസ്’ അവതരിപ്പിച്ച അമേരിക്കന്‍ റാപ്പറും, ഗായകനും, ഗാനരചയിതാവുമായ ലില്‍ നാസ് X ന്റെ നടപടി വിവാദമാകുന്നു. അപകടകരമായ ഈ മാര്‍ക്കറ്റിംഗ് തന്ത്രത്തിനെതിരെ പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകരും വചനപ്രഘോഷകരും രംഗത്തെത്തിക്കഴിഞ്ഞു. വിവാദ ഷൂസിന്റെ നിര്‍മ്മാണത്തില്‍ പ്രമുഖ ബ്രാന്‍ഡായ ‘നൈക്കി’ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും കമ്പനി ഇത് നിഷേധിച്ചു. ന്യൂയോര്‍ക്ക് ആസ്ഥാനമായി വിചിത്രവും, വിവാദപരവുമായ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന എം.എസ്.സി.എച്ച്.എഫ് എന്ന കമ്പനിയുമായി സഹകരിച്ചാണ് വിവാദ ഷൂസിന്റെ നിര്‍മ്മാണം.

തലകീഴായ കുരിശും, സോളില്‍ ഒരു തുള്ളി മനുഷ്യരക്തവും, 666 സംഖ്യയും, തലകീഴായ നക്ഷത്രവുമൊക്കെ ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഷൂസിന്റെ വില 1018 ഡോളറാണ്. സാത്താനെകുറിച്ച് പറയുന്ന “സാത്താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇടിമിന്നല്‍ പോലെ നിപതിക്കുന്നത് ഞാന്‍ കണ്ടു” എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷ വാക്യത്തെ അടയാളപ്പെടുത്തിക്കൊണ്ട് “ലൂക്കാ 10:18” എന്നും ഷൂസില്‍ പ്രിന്റ്‌ ചെയ്തിട്ടുണ്ട്. “മോണ്ടേരോ കാള്‍ മി ബൈ യുവര്‍ നെയിം” എന്ന പുതിയ സംഗീത വീഡിയോയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് സാത്താന്‍ ഷൂസുമായി ലില്‍ നാസ് രംഗത്തെത്തിയത്. സ്ട്രിപ്പര്‍ പോളില്‍ നിന്നും നരകത്തിലേക്കിറങ്ങിവരുന്ന താരം സാത്താനോടൊപ്പം നൃത്തം ചെയ്യുന്നതും സാത്താന്റെ കഴുത്ത് പിടിച്ചോടിച്ചൊടിച്ച് സാത്താന്റെ കിരീടമെടുത്ത് സ്വന്തം തലയില്‍ വെക്കുന്നതുമാണ് വീഡിയോയുടെ പ്രതിപാദ്യം. പൈശാചികത വെളിവാക്കുന്ന രീതിയിലാണ് വീഡിയോയുടെ അവതരണവും. സാത്താനിക സംഖ്യയെ പ്രതിനിധീകരിക്കുന്ന 666 ജോടി ഷൂസുകള്‍ മാത്രമാണ് പുറത്തിറക്കുന്നത്.

സൗത്ത് ഡകോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോയം, ലോക പ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാമിന്റെ മകനും വചനപ്രഘോഷകനുമായ ഫ്രാങ്ക്‌ളിന്‍ ഗ്രഹാം, ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ മാര്‍ക്ക് ബേണ്‍സ് തുടങ്ങിയ പ്രമുഖര്‍ ഈ നടപടിയെ വിമര്‍ശിച്ചിട്ടുണ്ട്. ഷൂസ് അവതരിപ്പിച്ചത് പൈശാചികമാണെന്നും രാജ്യത്തെ ധാർമ്മികത വളരെ വേഗത്തിൽ ഇടിയുകയാണെന്നും ഫ്രാങ്ക്‌ളിന്‍ ഗ്രഹാം പറഞ്ഞു. തങ്ങളുടെ തൊഴിലാളികളാണ് ഷൂസ് നിര്‍മ്മാണത്തിന് വേണ്ട രക്തം നല്‍കിയിരിക്കുന്നതെന്നാണ് എം.എസ്.സി.എച്ച്.എഫ് പറയുന്നത്.

You might also like